നാഗ്പൂര്‍: മധ്യപ്രദേശിലെ ചിന്ത്‌വാടയില്‍ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികള്‍ക്ക് മതിയായ ചികിത്സ ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ചിന്ത്‌വാഡ ജില്ലയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത മെഡിക്കല്‍ കോളേജിലോ സമീപപ്രദേശത്തെ സ്വകാര്യ ആശുപത്രികളിലോ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഇല്ലായിരുന്നു. അതിനാല്‍ കുട്ടികളെയും കൊണ്ട് 150 കിലോമീറ്റര്‍ സഞ്ചരിച്ച് നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാതിരുന്നതും പ്രതിസന്ധിയായി. ഏഴ് കുടുംബങ്ങളാണ് നാഗ്പൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ കുട്ടികളുമായി ചികിത്സക്കായി എത്തിയത്. എല്ലാ കുട്ടികളും ഗുരുതരാവസ്ഥയിലായിരുന്നു. നാല് ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് ഇവര്‍ക്ക് ചികിത്സക്കായി ചെലവാക്കേണ്ടി വന്നത്.
ഒരു ഡയാലിസിസിന് തന്നെ 60000 രൂപ നല്‍കേണ്ടി വന്നിരുന്നു. പണമില്ലാത്തതിനാല്‍ ആശുപത്രി വിടേണ്ടിവന്ന ചില കുട്ടികള്‍ നിമിഷങ്ങള്‍ക്കകം മരണപ്പെട്ടു. 15 വര്‍ഷമായി താന്‍ ഈ മരുന്ന നല്‍കാറുണ്ടെന്നാണ് അറസ്റ്റിലായ ഡോക്ടര്‍ പ്രവീണ്‍ സോണി പറഞ്ഞത്. കോള്‍ഡ്‌റിഫ് എന്ന മരുന്നാണ് കുട്ടികളുടെ മരണത്തിനിടയാക്കിയത്.
അതേസമയം, മധ്യപ്രദേശിലെ അപകടത്തെത്തുടര്‍ന്ന് കേരളത്തില്‍ കോള്‍ഡ്‌റിഫ് മരുന്നിന്റെ വില്പന നിരോധിച്ച്് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് അടുത്തിടെ ഉത്തരവിറക്കിയിരുന്നു. എസ്.ാര്‍ 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കഫ് സിറപ്പിന്റെ ഉപയോഗം സംബന്ധിച്ച് പ്രത്യേകം മാര്‍ഗരേഖ പുറത്തിറങ്ങുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനായി മൂന്നംഗ വിദഗ്ധ സമിതിയെ ഏര്‍പ്പെടുത്തുകയും ചെയ്തു. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെയും പഴയ കുറിപ്പടി ഉപയോഗിച്ചും 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന നല്‍കരുതെന്ന് മരുന്ന് വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: Child death in Madhya Pradesh because they didn’t got proper treatment