കോന്നിയിലെ ആനക്കൂട്ടില്‍ തൂണിളകി വീണ് കുട്ടി മരിച്ച സംഭവം; നടപടിയെടുത്ത് വനംവകുപ്പ്
Kerala News
കോന്നിയിലെ ആനക്കൂട്ടില്‍ തൂണിളകി വീണ് കുട്ടി മരിച്ച സംഭവം; നടപടിയെടുത്ത് വനംവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th April 2025, 5:34 pm

തിരുവനന്തപുരം: കോന്നിയിലെ ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് കുട്ടി മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് വനംവകുപ്പ്. വനം സെക്ഷന്‍ ഓഫീസര്‍ ആര്‍. അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു.

ഡി.എഫ്.ഒ, റേഞ്ച് ഓഫീസര്‍ എന്നിവരെ സ്ഥലംമാറ്റുകയും ചെയ്തു. അഞ്ച് ബീറ്റ് വനം ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനും നിര്‍ദേശമുണ്ട്. സി.സി.എഫ് ആര്‍. കമലാഹാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇന്നലെ (വെളളി) അറിയിച്ചിരുന്നു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്.

ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയതായും മന്ത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെയായിരുന്നു നടപടിക്കാസ്പദമായ സംഭവം. കടമ്പനാട് സ്വദേശി അഭിറാമാണ് മരിച്ചത്. ഫോട്ടോയെടുക്കാന്‍ നില്‍ക്കുന്നതിനിടെ ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂണ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.

കുടുംബത്തോടൊപ്പം ആനകളെ കാണുന്നതിനായി ആനക്കൂട്ടില്‍ എത്തിയതായിരുന്നു അഭിറാം. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അജി-ശാരി ദമ്പതികളുടെ ഏക മകനാണ് അഭിറാം. നാല് അടിയോളം ഉയരമുള്ള തൂണാണ് കുട്ടിയുടെ തലയിലേക്ക് വീണത്. തൂണിന് നല്ല കാലപ്പഴക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.

Content Highlight: child death in Konni; Forest Department takes action