തൊടുപുഴയിൽ കുട്ടിക്കുനേരെ വീണ്ടും അക്രമം: പ്രതി അമ്മയുടെ സുഹൃത്ത്
Kerala News
തൊടുപുഴയിൽ കുട്ടിക്കുനേരെ വീണ്ടും അക്രമം: പ്രതി അമ്മയുടെ സുഹൃത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2019, 5:45 pm

കോട്ടയം: തൊടുപുഴയില്‍ വീണ്ടും കുട്ടിക്ക് നേരെ ആക്രമണം. അമ്മയുടെ സുഹൃത്താണ് കൂടിയെ ഉപദ്രവിച്ചത്. പതിനാലുകാരനെയാണ് അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സുഹ്യത്തും ബന്ധുവുമായ പട്ടയം കവല സ്വദേശി ജയേഷിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.

കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയതിനാണ് കുട്ടിയെ ഇയാൾ അതിക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ ശസ്ത്രക്രിയ നടന്ന വയറിന്റെ ഭാഗത്തും പുറത്തും ക്രൂരമായി ഇടിക്കുകയും, ഫ്രിഡ്ജിനിടയില്‍ വെച്ച് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ബന്ധുവിനൊപ്പം കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പട്ടയംകവല സ്വദേശി ജയേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിന് മുൻപ് തൊടുപുഴയിൽ കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ കുട്ടി മരിച്ചിരുന്നു. അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദ് ആണ് ഏഴു വയസുള്ള കുട്ടിയെ അതിക്രൂമായ രീതിയിൽ മർദിച്ചത്. ഇതിനെ തുടർന്ന് കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

ഇന്നലെ ഏഴുവയസുകാരന്റെ ഇളയ സഹോദരന്റെ സംരക്ഷണം കുട്ടിയുടെ പിതാവിന്റെ അച്ഛൻ ഏറ്റെടുത്തിരുന്നു. ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഇന്നലെ നടന്ന ഹിയറിംഗിലായിരുന്നു തീരുമാനം. ഒരു മാസത്തേക്കാണ് താല്‍ക്കാലികസംരക്ഷണം തിരുവനന്തപുരം സ്വദേശിയായ മുത്തച്ഛന് നല്‍കിയിരിക്കുന്നത്.