കൊച്ചി മെട്രോ: അട്ടിമറിക്ക് തുടക്കമിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്
Kerala
കൊച്ചി മെട്രോ: അട്ടിമറിക്ക് തുടക്കമിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st January 2012, 8:00 am

ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതി പൊതുമേഖലയില്‍ നിന്ന് സ്വകാര്യമേഖലയിലേക്ക് മാറ്റുന്നതിനുള്ള ചരടുവലി നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍. കൊച്ചി മെട്രോയുടെ നിര്‍മാണ കരാര്‍ ഒപ്പിടുന്നതിന് ഇ. ശ്രീധരന്‍ അയച്ച പത്തോളം കത്തുകള്‍ പൂഴ്ത്തിയാണ് മുഖ്യമന്ത്രി കൊച്ചി മെട്രോ ചെയര്‍മാന്‍  ഉമ്മന്‍ചാണ്ടിയുടെ ഓഫിസ് അട്ടിമറി സാധ്യമാക്കിയത്. ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്കയച്ച അവസാന കത്തിന് മറുപടിയയച്ചത് കൊച്ചി മെട്രോ എം.ഡി ടോം ജോസാണ്.

അയച്ച കത്തുകള്‍ക്ക് മറുപടി അയക്കാത്തതിലുള്ള അതൃപ്തി ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയെ നേരിട്ടയച്ചിരുന്നതായാണ് ദല്‍ഹി മെട്രോ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. കൊച്ചി മെട്രോ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ദല്‍ഹിയിലെത്തിയപ്പോഴായിരുന്നു ഇത്. നിര്‍മാണ കരാര്‍ വൈകുന്നതിലുള്ള വിയോജിപ്പും ശ്രീധരന്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, നിര്‍മാണ കരാറിനെക്കുറിച്ച് ശ്രീധരന് ഒരു ഉറപ്പും നല്‍കാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രി പുറത്ത് മാധ്യമങ്ങളോട് ശ്രീധരന്‍ കൊച്ചി മെട്രോക്ക് നേതൃത്വം നല്‍കുമെന്ന വിശ്വാസമാണ് കേരളത്തിനെന്ന തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തുകയായിരുന്നു. ശ്രീധരനുമായുള്ള ഭിന്നത മറച്ചുവെച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന.  തുടര്‍ന്ന് മെട്രോയുടെ ചുമതലയുള്ള വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും കേന്ദ്ര മന്ത്രി പ്രഫ. കെ.വി തോമസും മുഖ്യമന്ത്രിയുടെ പ്രസ്താവന ആവര്‍ത്തിക്കുകയാണ് ചെയ്തത്.

കേരളത്തിലെത്തിയ മുഖ്യമന്ത്രി ദല്‍ഹി മെട്രോയ്ക്ക് നിര്‍മാണ കരാര്‍ നല്‍കാന്‍ ഉദ്ദേശമില്ലെന്ന് ടോം ജോസിലൂടെ ശ്രീധരനെ അറിയിക്കുകയായിരുന്നു.

ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ സാധ്യതാ പഠനവും, പദ്ധതി റിപ്പോര്‍ട്ട് തയാറാക്കലും, സമര്‍പ്പിക്കലും കഴിഞ്ഞ് കൊച്ചി മെട്രോപദ്ധതി ഏറെ മുന്നോട്ടുപോയ ഘട്ടത്തിലാണ് കേരളത്തില്‍ ഭരണമാറ്റം വന്നതും ഉമ്മന്‍ചാണ്ടി കൊച്ചി മെട്രോയുടെ ചെയര്‍മാനുമായത്. മെട്രോയുടെ നിര്‍മാണ പ്രവൃത്തി തുടങ്ങുന്നതിനുള്ള കരാര്‍ മാത്രമായിരുന്നു സാങ്കേതികമായി സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നത്. കേന്ദ്ര മന്ത്രിസഭയുടെ സാങ്കേതിക അനുമതി ലഭിക്കുന്ന ദിവസം നിര്‍മാണ പ്രവൃത്തി തുടങ്ങുന്ന തരത്തില്‍ നിര്‍മാണ കരാറില്‍ എത്രയും പെട്ടെന്ന് ഒപ്പിടണമെന്നാവശ്യപ്പെട്ടാണ് ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
നിര്‍മാണം വൈകുംതോറും കൊച്ചി മെട്രോയുടെ നിര്‍മാണ ചെലവില്‍ ഭീമമായ വര്‍ധനവുമുണ്ടാകുമെന്ന് കത്തുകളില്‍ ശ്രീധരന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
നിര്‍മാണം വൈകുന്ന ഓരോ നാളും 30 ലക്ഷത്തോളം രൂപയുടെ വര്‍ധനവ് നിര്‍മാണത്തില്‍ പ്രതീക്ഷിക്കാമെന്നാണ് ദല്‍ഹി മെട്രോ കോര്‍പറേഷന്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.