റെയ്ഡിന്റെ കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല, രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്? ഒടുവില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
Kerala News
റെയ്ഡിന്റെ കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല, രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്? ഒടുവില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
ആദര്‍ശ് എം.കെ.
Friday, 29th May 2026, 4:53 pm

റെയ്ഡിന്റെ കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല, രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്? ഒടുവില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സിയുടെ റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റെയ്ഡ് നടക്കുന്ന വിവരം സംസ്ഥാന ഗവണ്‍മെന്റിനെയോ പൊലീസിനെയോ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് സതീശന്‍ പറഞ്ഞു.

റെയ്ഡിന് ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോകുന്ന സമയത്ത് പോലും പൊലീസിനെ വിവരമറിയിച്ചിരുന്നില്ല. എന്നാല്‍ അവിടെ ആളുകൂടുന്നത് കണ്ട് ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ച ആഭ്യന്തര മന്ത്രിയുടെ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു.

ആഭ്യന്തര മന്ത്രിയുടെ കൃത്യമായ ഇടപെടല്‍ മൂലമാണ് അവിടെ വലിയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തിന്റെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരെ ഒരു സംഘം ക്രിമിനലുകള്‍ ആക്രമിക്കുന്നതും കാര്‍ തല്ലിപ്പൊളിക്കുന്നതും ക്രമസമാധാന ലംഘനമാണ്. ഇത്തരം സംഭവങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഇത് ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ഗുരുതരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തെയും സതീശന്‍ വിമര്‍ശിച്ചു. റെയ്ഡ് നടന്നപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയെയോ ബി.ജെ.പി സര്‍ക്കാരിനെയോ കുറ്റപ്പെടുത്തുന്നതിന് പകരം രാഹുല്‍ ഗാന്ധിയെയാണ് ലക്ഷ്യം വെച്ചതെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.

‘രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്?’ എന്ന് അദ്ദേഹം ചോദിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെ കേസുകള്‍ വന്നപ്പോള്‍ അദ്ദേഹം 55 മണിക്കൂറോളം അന്വേഷണവുമായി സഹകരിക്കുകയാണ് ചെയ്തതെന്നും, അല്ലാതെ വാഹനങ്ങള്‍ തല്ലിപ്പൊളിക്കാന്‍ ആളെ വിടുകയല്ല ചെയ്തതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

ഈ കേസില്‍ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും കോടതി അത് തള്ളുകയും അന്വേഷണം തുടരാന്‍ ഏജന്‍സിയോട് ആവശ്യപ്പെടുകയും ചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോടതി അനുമതിയോടെ നടക്കുന്ന ഇത്തരം അന്വേഷണങ്ങളില്‍ ഇടപെടാനോ, അന്വേഷണം എങ്ങനെ വേണമെന്ന് നിര്‍ദേശിക്കാനോ ഉള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റിനില്ല. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അത് രാഷ്ട്രീയമായി പ്രകടിപ്പിക്കാമെന്നും എന്നാല്‍ നിയമപരമായ അന്വേഷണത്തെ കായികമായി നേരിടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Chief Minister V.D. Satheesan says the state government was not aware of the raid.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.