തിരുവനന്തപുരം: സംസ്ഥാനത്ത് പാലിനും തൈരിനും വില വര്‍ധിച്ച സാഹചര്യത്തില്‍, കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തി ഈ വര്‍ധനവിനെ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നേരത്തെ പ്രതിപക്ഷ നേതാവ് ആയിരുന്ന സാഹചര്യത്തിലും തങ്ങള്‍ പാല്‍ വില വര്‍ധനവിനെ എതിര്‍ത്തില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക ക്ഷീരദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണയായി പാലിന്റെ വില കൂട്ടുമ്പോള്‍ രാഷ്ട്രീയക്കാര്‍ അതിനെ എതിര്‍ക്കാറുണ്ടെങ്കിലും, ക്ഷീരകര്‍ഷകരുടെ കഠിനാധ്വാനം നേരിട്ടറിയാവുന്നത് കൊണ്ട് താന്‍ അതിനെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷമായി നിയമസഭയില്‍ ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള ആളാണ് താനെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പാലിന്റെ വില കൂട്ടുമ്പോള്‍ അതിനെ എതിര്‍ക്കാത്ത കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷം തങ്ങളുടേതാണെന്നും, മില്‍മയോട് പാലിന് വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ സമരം വരെ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുപ്പിവെള്ളത്തിന് ഉയര്‍ന്ന വില നല്‍കുന്നവര്‍ പാലിന്റെ കാര്യത്തില്‍ വൈമുഖ്യം കാണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ കുട്ടിക്കാലത്ത് വീട്ടില്‍ പശുക്കളെ വളര്‍ത്തിയിരുന്നതായും, തൊഴുത്ത് കഴുകുന്നതും പശുക്കളെ കുളിപ്പിക്കുന്നതും പുല്ല് വെട്ടുന്നതും ഉള്‍പ്പെടെയുള്ള എല്ലാ പ്രവൃത്തികളും താന്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
നാട്ടില്‍ കാര്‍ഷിക മേഖല തകരുകയും വന്യജീവി ആക്രമണം മൂലം മറ്റ് കൃഷികള്‍ അസാധ്യമാവുകയും ചെയ്ത സാഹചര്യത്തില്‍ മലയോര കര്‍ഷകരടക്കമുള്ളവരുടെ ഏക ആശ്രയം ഇന്ന് ക്ഷീരമേഖലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ നിരക്ക് പ്രകാരം മില്‍മ പാലിന് ലിറ്ററിന് നാല് രൂപയും തൈരിന് 10 രൂപയുമാണ് വര്‍ധിച്ചത്.
വര്‍ധിപ്പിച്ച നാല് രൂപയില്‍ 83.75 ശതമാനവും (അതായത് ലിറ്ററിന് 3.33 രൂപ) കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുമെന്ന് മില്‍മ അറിയിച്ചു.
വര്‍ധനവിന്റെ 6.25 ശതമാനം വീതം പാല്‍ സൊസൈറ്റികള്‍ക്കും വിതരണക്കാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും, 0.75 ശതമാനം കര്‍ഷക ക്ഷേമനിധിയിലേക്കും, 0.5 ശതമാനം പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കുമായും നീക്കിവെക്കും.
ഉത്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് ഈ വിലക്കയറ്റം അനിവാര്യമായതെന്ന് മില്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. മില്‍മ ചെയര്‍പേഴ്‌സണ്‍ കെ.എസ്. മണി, മന്ത്രി ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Content Highlight: Chief Minister V.D. Satheesan says he will not oppose the increase in milk prices