മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വില അറിയാത്തവര്‍ക്കായി
Heavy Rain
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വില അറിയാത്തവര്‍ക്കായി
ന്യൂസ് ഡെസ്‌ക്
Sunday, 11th August 2019, 4:40 pm

തിരുവനന്തപുരം: സംസ്ഥാനം വീണ്ടുമൊരു പ്രകൃതി ദുരന്തം കൂടി നേരിടുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെതിരായി വീണ്ടും വ്യാജപ്രചരണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് ആളുകള്‍ സംഭാവന നല്‍കിയ പണം വകമാറ്റി ചെലവഴിക്കുകയാണെന്നും അര്‍ഹരായവര്‍ക്ക് സഹായം എത്തിയില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്.

എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുഖ്യമന്ത്രിയുടെ ഫണ്ട് ഏറ്റവും ഫലപ്രദമായി അര്‍ഹര്‍ക്ക് എത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നതാണ് വാസ്തവം. ദുരിതാശ്വാസനിധിയില്‍ എത്തുന്ന ഒറ്റ രൂപപോലും പാഴാകാതെ അര്‍ഹര്‍ക്ക് എത്തിക്കാന്‍ ഇന്ന് നമുക്ക് സംവിധാനമുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകനായ അബ്ദുള്‍ റഷീദ് എഴുതിയ കുറിപ്പ്

ഏതു സര്‍ക്കാര്‍ ഭരിക്കുമ്പോഴും കേരളത്തിന്റെ വലിയ നന്മകളില്‍ ഒന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. രാഷ്ട്രീയ വ്യത്യാസമൊന്നും ഇല്ലാതെ നൂറു കണക്കിന് നിസ്സഹായര്‍ക്ക് അത് ആശ്വാസമാകുന്നു. മുഖ്യമന്ത്രിയുടെ ഫണ്ട് ഏറ്റവും ഫലപ്രദമായി അര്‍ഹര്‍ക്ക് എത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

മുന്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ടു എണ്ണൂറ് കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്ന് പാവങ്ങള്‍ക്കു നല്‍കിയത്. അന്ന് സംഭാവനകള്‍ കുറവായിരുന്നു. ലോട്ടറി വിറ്റു കിട്ടുന്ന പണമായിരുന്നു വരുമാനം.

പിണറായി സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളിലൊന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നും സഹായം കിട്ടാനുള്ള നടപടി ലളിതമാക്കി എന്നതാണ്. വിതരണ നടപടി ഡിഎംആര്‍ സോഫ്റ്റ് വേര്‍ വഴിയാണ് ഇപ്പോള്‍. എം.എല്‍.എയെ തേടി അലയേണ്ട, തിരുവനന്തപുരത്തു പോകേണ്ട. ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷയുടെ അവസ്ഥയും ഓണ്‍ലൈനില്‍ അറിയാം.

അപേക്ഷ പാസായാല്‍ 100 മണിക്കൂറിനകം പണം അക്കൗണ്ടില്‍ എത്തും. ഇടതു സര്‍ക്കാര്‍ വരുമ്പോള്‍ 30000 അപേക്ഷകള്‍ കാത്തുകിടന്നിരുന്നു. അതിവേഗമാണ് അതു മുഴുവന്‍ തീര്‍പ്പാക്കിയത്. ഫണ്ടില്‍നിന്ന് തുക അനുവദിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ട്രഷറിയില്‍ സ്‌പെഷ്യല്‍ അക്കൗണ്ട് തുടങ്ങാനും ഈ സര്‍ക്കാര്‍ അനുമതി നല്‍കി.

പിണറായി സര്‍ക്കാര്‍ ഇതുവരെ, മാരക രോഗങ്ങള്‍ ബാധിച്ചു കഷ്ടപ്പെടുന്ന ഏഴു ലക്ഷം പേര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കി. അതില്‍ എല്ലാ പാര്‍ട്ടിക്കാരും മതവിശ്വാസികളും മതമില്ലാത്തവരും ഒക്കെയുണ്ട്. 457 കോടി രൂപയാണ് ഇങ്ങനെ നല്‍കിയത്. പ്രളയത്തില്‍ തകര്‍ന്ന 247666 വീടുകള്‍ പുനര്‍നിര്‍മ്മിക്കാനായി 1275 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ പ്രളയത്തിന് ശേഷം ലോകമെങ്ങുമുള്ള മനുഷ്യ സ്‌നേഹികള്‍ ദുരിതാശ്വാസ നിധിയിലേക്ക് കയ്യയച്ചു സംഭാവന നല്‍കി. മൊത്തം 4354 കോടി രൂപയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ളത്. ഓരോ ദിവസവും ലഭിക്കുന്ന തുകയും ചെലവഴിക്കുന്ന തുകയും തത്സമയം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ആര്‍ക്കും അറിയാം. കണക്കുകള്‍ എല്ലാം സുതാര്യമാണ്.

പല വിദ്വേഷ പ്രചരണങ്ങളും തെറ്റുദ്ധാരണകളും പടര്‍ത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അത് അനുവദിച്ചു കൊടുക്കരുത്. ഏതു സര്‍ക്കാര്‍ വന്നാലും ഒരുപാട് നിസ്സഹായാര്‍ക്ക് ആശ്വാസമാകുന്ന ഒരു പദ്ധതിയെ നശിപ്പിക്കാന്‍ അനുവദിക്കരുത്. കേരളത്തിന്റെ നന്മയുടെ അടയാളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.

കേരളത്തിന്റെ ഈ നന്മ മനസ്സിലാകണമെങ്കില്‍ മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്നത് അറിയണം. മഹാരാഷ്ട്രയില്‍ ഇടനിലക്കാര്‍ വ്യാജരേഖ ഉണ്ടാക്കി ലക്ഷങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നും തട്ടിയത്. കര്‍ണാടകയില്‍ ആ ഫണ്ടുതന്നെ മരവിപ്പിച്ചു ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റാക്കിയിരുന്നു ഉദ്യോഗസ്ഥര്‍, 2010 ല്‍. കാരണം, അര്‍ഹരെ കണ്ടെത്തി വിതരണം ചെയ്യാനുള്ള മടി..! ഗോവയില്‍ പണം ധൂര്‍ത്തടിച്ചു. പഞ്ചാബില്‍ ഇടനിലക്കാര്‍ തട്ടിയത് ലക്ഷങ്ങളാണ്.

കേരളത്തില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കാര്യമായ പരാതിക്ക് ഇടയാക്കിയിട്ടില്ല. ചില ദുരുപദിഷ്ട രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണുള്ളത്. ദുരിതാശ്വാസനിധിയില്‍ എത്തുന്ന ഒറ്റ രൂപപോലും പാഴാകാതെ അര്‍ഹര്‍ക്ക് എത്തിക്കാന്‍ ഇന്ന് കേരളത്തിന് സംവിധാനമുണ്ടെന്നു അഭിമാനത്തോടെ പറയാം.

ഗുരുതരരോഗം ബാധിച്ചവര്‍, അപകടത്തിന് ഇരയായവര്‍, പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവര്‍ എന്നിവര്‍ക്കാണ് സഹായധനം നല്‍കുന്നത്. 10,000 രൂപവരെ കലക്ടര്‍ക്കും 15,000 രൂപവരെ റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറിക്കും 25,000 രൂപവരെ റവന്യൂമന്ത്രിക്കും സഹായധനം അനുവദിക്കാം.
മൂന്നുലക്ഷം രൂപവരെയുള്ളവയില്‍ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാം. അതിനുമുകളില്‍ മന്ത്രിസഭയുടെ അനുമതി വേണം. വക മാറ്റാനോ തോന്നുംപടി ചെലവാക്കാനോ കഴിയില്ല.

വിദ്വേഷ പ്രചാരണം മാത്രമല്ല, സഹായിക്കുന്നവര്‍ എന്ന വ്യാജേനയുള്ള കക്ഷി രാഷ്ട്രീയ ഗ്വാഗ്വാ വിളികളും ഇത്തരമൊരു ഘട്ടത്തില്‍ അനാവശ്യമാണ്. സഹായിക്കണമെന്ന് കരുതുന്നവരെ കൂടി അകറ്റാനെ അത് ഉപകരിയ്ക്കൂ.

മനുഷ്യത്വം മറക്കുന്നവരല്ല മലയാളികള്‍. ഈ വിവാദങ്ങള്‍ക്ക് എല്ലാം ഇടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ എത്തുന്നുണ്ട്. ഇന്ന് ഒറ്റ ദിവസം മാത്രം, ഉച്ച തിരിഞ്ഞു മൂന്നു മണിവരെ ദുരിതാശ്വാസ നിധിയിലേക്ക് 1522 പേര്‍ സംഭാവന നല്‍കി. 29 ലക്ഷം രൂപ..!