ന്യൂദല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ് രാജിവെച്ചു. നാളെ (തിങ്കള്‍) നിയമസഭ ചേരാനിരിക്കെയാണ് ബീരേന്‍ സിങ്ങിന്റെ രാജി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബീരേന്‍ സിങ് രാജിവെച്ചത്. ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.
രാജ്ഭവനില്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഒപ്പമെത്തിയാണ് ബീരേന്‍ സിങ് രാജിക്കത്ത് കൈമാറിയത്. ഇതുവരെ മണിപ്പൂരിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ബീരേന്‍ സിങ് പറഞ്ഞു.
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ബി.ജെ.പി നേതാക്കളില്‍ പലരും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ബീരേന്‍ സിങ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ രാജി തീരുമാനം.
2023 മെയ് മാസത്തിലാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അയല്‍ സംസ്ഥാനമായ മിസോറാമില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കലാപം ഉണ്ടാക്കിയതെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
അതിനുശേഷം 250ലധികം ആളുകളാണ് മണിപ്പൂരില്‍ കലാപത്തില്‍ കൊല്ലപ്പെട്ടത്. 2024 ഡിസംബര്‍ 31ന് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന സംഘര്‍ഷങ്ങളില്‍ ബീരേന്‍ സിങ് ക്ഷമാപണവും നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന ആവശ്യം 2023 മെയ് മുതല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ഇതുവരെ സന്ദര്‍ശനമൊന്നും ഉണ്ടായിട്ടില്ല.
സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ ഭരണപക്ഷമായ ബി.ജെ.പിയിലുള്‍പ്പെടെ ഭിന്നതകളുണ്ടാവുകയും പ്രതിഷേധാര്‍ഹം എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
മണിപ്പൂര്‍ ജനസംഖ്യയിലെ 53 ശതമാനം വരുന്ന മെയ്തികള്‍ ഇംഫാല്‍ താഴ്‌വരയിലാണ് താമസിക്കുന്നത്. 40 ശതമാനം വരുന്ന നാഗകളും കുക്കികളും ഉള്‍പ്പടെയുള്ള ജനങ്ങള്‍ മലയോര ജില്ലകളിലും താമസിക്കുന്നു. മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്ന കോടതി വിധിക്ക് പിന്നാലെ ഇരുവിഭാഗവും തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
സംഘര്‍ഷത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാര്‍ മെയ്തികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്ന റിപ്പോര്‍ട്ടുകളും ആരോപണങ്ങളും സംസ്ഥാനത്ത് ഉയര്‍ന്നിരുന്നു.
Content Highlight: Chief Minister Biren Singh resigns amid ongoing conflict in Manipur