ദൈവത്തോടു തന്നെ പറയൂ; ഖജുരാഹോയിലെ വിഗ്രഹം പുനസ്ഥാപിക്കണമെന്ന ഹരജിയിൽ ചീഫ് ജസ്റ്റിസ് ഗവായ്; വിവാദം
India
ദൈവത്തോടു തന്നെ പറയൂ; ഖജുരാഹോയിലെ വിഗ്രഹം പുനസ്ഥാപിക്കണമെന്ന ഹരജിയിൽ ചീഫ് ജസ്റ്റിസ് ഗവായ്; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th September 2025, 5:13 pm

ഭോപ്പാൽ: ഖജുരാഹോ ക്ഷേത്രത്തിലെ ഏഴടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ഹരജി പരിഗണിക്കവെയുണ്ടായ വിവാദങ്ങൾക്ക് വിശദീകരണം നൽകി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്.

‘എന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വളച്ചൊടിക്കപ്പെടുന്നുണ്ടെന്ന് മനസിലാക്കുന്നു. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു,’ ബി.ആർ ഗവായ് പറഞ്ഞു.

മധ്യപ്രദേശിലെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഖജുരാഹോ ക്ഷേത്രത്തിന്റെ ഭാഗമായ ജവാരി ക്ഷേത്രത്തിലെ ഏഴടി ഉയരമുള്ള വിഗ്രഹം പുനർനിർമിക്കുന്നതിനായി നൽകിയ ഹരജിയാണ് സെപ്റ്റംബർ 16 ന് സുപ്രീം കോടതി തള്ളിയത്.

ഇതൊരു പൊതു താല്പര്യ ഹരജിയാണെന്നും ദൈവത്തോടുതന്നെ എന്തെങ്കിലും ചെയ്ത് തരാൻ ആവശ്യപ്പെട്ടുകൂടെയെന്നുമാണ് ഹരജിക്കാരനോട് ചീഫ് ജസ്റ്റിസ് ചോദിച്ചത്. ‘നിങ്ങൾ യഥാർത്ഥ വിഷ്ണു ഭക്തനാണെങ്കിൽ പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) അധികാരപരിധിയിൽ വരുന്നതാണെന്നും ഇതിനിടയിൽ വേണമെങ്കിൽ ഹരജിക്കാരന് ശിവക്ഷേത്രത്തിൽ പോയി ആരാധന നടത്താമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ചീഫ് ജസ്റ്റിസ് ഹിന്ദു മതത്തെ പരിഹസിച്ചുവെന്ന് ഹിന്ദു സംഘടനകൾ പറഞ്ഞു. ജുഡീഷ്യൽ അധികാരങ്ങൾ അദ്ദേഹം ദുരുപയോഗം ചെയ്തുവെന്നും പലരും വാദിച്ചു. ഇത്തരം പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ചിലർ കുറ്റപ്പെടുത്തി.

കോടതിമുറിക്കുള്ളിലെ സംസാരത്തിൽ സംയമനം പാലിക്കണമെന്നായിരുന്നു വിശ്വ ഹിന്ദു പരിഷത്ത് മേധാവി അലോക് കുമാർ പറഞ്ഞത്.

സനാതനധർമത്തിനും ദൈവത്തിനുമെതിരായ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അഭിഭാഷകർ ചീഫ് ജസ്റ്റിസ് ഗവായിക്ക് കത്തുകൾ എഴുതുകയും ചെയ്തിരുന്നു.

ചീഫ് ജസ്റ്റിസിന് പിന്തുണയുമായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ രംഗത്തുവന്നു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പലരീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നുവെന്ന് കപിൽ സിബൽ പറഞ്ഞു.

‘എനിക്ക് 19 വർഷമായി ചീഫ് ജസ്റ്റിസ് ഗവായിയെ അറിയാം. ഇതൊരു ഗൗരവമുള്ള കാര്യമാണ്. ന്യൂട്ടന്റെ നിയമമനുസരിച്ച്, ഓരോ പ്രവൃത്തിക്കും തുല്യമായ പ്രതികരണം ഉണ്ടെന്ന് നമുക്കറിയാം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അനുപാതമില്ലാത്ത പ്രതിപ്രവർത്തനമാണ് ഉണ്ടാകുന്നത്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Chief Justice Gavai on the petition to restore the idol in Khajuraho; Controversy