ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് കൊള്ള എന്നത് വെറും കള്ളക്കഥയാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞത്.
വോട്ടര്‍പട്ടിക ക്രമക്കേടില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുവാദമില്ലാതെയാണ് രാഹുല്‍ ഗാന്ധി വോട്ടര്‍മാരുടെ ചിത്രം പരസ്യപ്പെടുത്തിയതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരുടെ സ്വകാര്യത ലംഘിച്ചുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷര്‍ കുറ്റപ്പെടുത്തി.
ഇത്തരം വ്യാജ ആരോപണങ്ങളില്‍ കമ്മീഷന്‍ ഒരിക്കലും ഭയപ്പെടില്ലെന്നും വോട്ടര്‍ പട്ടിക ക്രമക്കേടില്‍ അന്വേഷണമുണ്ടാകില്ലെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണം ഏറെ അപകടകരമാണെന്ന് പറഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, പ്രതിപക്ഷം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കുകയാണെന്നും കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണപക്ഷമോ പ്രതിപക്ഷമോ തമ്മില്‍ വ്യത്യാസമില്ലെന്നും തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാ പ്രകാരമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. കമ്മീഷന് ഒരു പാര്‍ട്ടിയോടും വിവേചനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബീഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം തെരഞ്ഞെടുപ്പ് ചട്ടപ്രകാരം മാത്രമാണ്. ഭരണഘടന അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും എസ്.ഐ.ആര്‍ ആരംഭിച്ചത് കാര്യങ്ങള്‍ സുതാര്യമാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിലര്‍ എസ്.ഐ.ആറിനെ കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
‘തെരഞ്ഞെടുപ്പ് രംഗത്തെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് എസ്‌ഐആര്‍ ആരംഭിച്ചത്. പരാതികളുണ്ടെങ്കിലും ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാതിലുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും മുമ്പ് തുറന്നുവെച്ചിരിക്കുകയാണ്. ആര്‍ക്കും പരാതി അറിയിക്കാം’, മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞു.