ജാന്‍.എ.മന്നില്‍ സ്പോട്ട് ഇംപ്രൊവൈസേഷന്‍ നടത്തിയിരുന്നു; ഷൂട്ട് ചെയ്തുവരുമ്പോള്‍ എഴുതിവെച്ച സീനുകള്‍ വേണ്ടതില്ലെന്ന് തോന്നും: ചിദംബരം
Malayalam Cinema
ജാന്‍.എ.മന്നില്‍ സ്പോട്ട് ഇംപ്രൊവൈസേഷന്‍ നടത്തിയിരുന്നു; ഷൂട്ട് ചെയ്തുവരുമ്പോള്‍ എഴുതിവെച്ച സീനുകള്‍ വേണ്ടതില്ലെന്ന് തോന്നും: ചിദംബരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th September 2025, 12:48 pm

ജാന്‍.എ.മന്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് ചിദംബരം. ആദ്യചിത്രം തന്നെ വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് ചിദംബരത്തിന് അന്യഭാഷകളിലും ശ്രദ്ധ നേടികൊടുത്തു. ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായി മാറിയ സിനിമ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ മലയാള ചിത്രമായും മാറി.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സ്‌പോട്ട് ഇംപ്രൊവൈസേഷനെപ്പറ്റി സംസാരിക്കുകയാണ് ചിദംബരം. രംഗങ്ങള്‍ തീര്‍ച്ചയായും ഇംപ്രൊവൈസ് ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്.

‘അടച്ചിട്ട മുറിയില്‍ ഇരുന്ന് എഴുതി, അത് നടക്കുന്ന സ്ഥലത്ത് ചിത്രീകരണത്തിനെത്തുമ്പോള്‍ കാര്യങ്ങള്‍ ചിലപ്പോള്‍ മാറും. ആ അന്തരീക്ഷത്തില്‍ നമുക്ക് എന്തെങ്കിലും പ്രചോദനമാകുമെങ്കില്‍ രംഗം അതിനനുസരിച്ച് മാറ്റിയെഴുതേണ്ടി വരും. അവിടെ നിന്നാണ് യഥാര്‍ഥത്തില്‍ സിനിമ ഉണ്ടാക്കുന്നത്.

ഒരു നിശ്ചിത പാരാമീറ്ററിനകത്തുനിന്നു കൊണ്ടുള്ള ഇംപ്രൊവൈസേഷന്‍ ചെയ്യാവുന്നതാണ്. ജാന്‍.എ.മന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള സ്‌പോട്ട് ഇംപ്രൊവൈസേഷനുകള്‍ നടത്തിയിരുന്നു. കാരണം കോമഡിയാണല്ലോ ചിത്രത്തില്‍ കടന്നുവരുന്നത്,’ ചിദംബരം പറഞ്ഞു.

ഷൂട്ട് ചെയ്തുവരുമ്പോള്‍ എഴുതിവെച്ച സീനുകള്‍ വേണ്ടതില്ല എന്നും തോന്നിയിട്ടുണ്ടെന്നും ചിലപ്പോള്‍ ഏതെങ്കിലും രണ്ട് സീനുകള്‍ തമ്മില്‍ ബന്ധപ്പെടുത്താന്‍ പുതിയ ഒരു സീന്‍ അപ്പോള്‍ എഴുതിത്തയ്യാറാക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിദംബരത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണം അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. ബാലന്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ജീത്തു മാധവനാണ്. ജനനായകന്‍, ടോക്സിക് എന്നീസിനിമകള്‍ നിര്‍മിച്ച കെ.വി.എന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ബാലന്‍ നിര്‍മിക്കുന്നത്.

Content highlight: Chidambaram is talking about spot improvisation