എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റില്‍ നിന്നും ചിദംബരത്തിന് ഇടക്കാല സംരക്ഷണം: തിങ്കളാഴ്ചവരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി
INX Media case
എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റില്‍ നിന്നും ചിദംബരത്തിന് ഇടക്കാല സംരക്ഷണം: തിങ്കളാഴ്ചവരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd August 2019, 1:25 pm

 

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റില്‍ നിന്നും മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തിന് ഇടക്കാല സംരക്ഷണം. തിങ്കളാഴ്ചവരെ ചിദംബരത്തെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

സി.ബി.ഐയുടെ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി. ചിദംബരം നല്‍കിയ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

വിദേശത്തടക്കം വലിയ തോതില്‍ സ്വത്തുക്കള്‍ ചിദംബരം സമ്പാദിച്ചിട്ടുണ്ടെന്നും 17ലധികം ബാങ്ക് അക്കൗണ്ടുകള്‍ ചിദംബരത്തിനും ബന്ധുക്കള്‍ക്കുമായുണ്ടെന്നാണ് കണ്ടെത്തിയതെന്നും അതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ ഈ വാദങ്ങള്‍ തള്ളിയാണ് ചിദംബരത്തിന് തിങ്കളാഴ്ചവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഈ ഉത്തരവുകൊണ്ട് ചിദംബരത്തിന് സാങ്കേതികമായി യാതൊരു പ്രയോജനവുമില്ല. നിലവില്‍ സി.ബി.ഐ കസ്റ്റഡിയിലാണ് ചിദംബരം.

ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ പി. ചിദംബരത്തെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റ് ഭരണഘടനാവിരുദ്ധമാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകര്‍ ആരോപിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടിയാണ് ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്.

ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നായിരുന്നു പി.ചിദംബരം അറസ്റ്റിലായത്. ഐ.എന്‍.എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.

പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയായിരുന്നു ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി.ബി.ഐ രംഗത്തെത്തിയത്.

മൂന്നുതവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് സി.ബി.ഐ അറിയിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സി.ബി.ഐ ചിദംബരത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിനോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.