തെലങ്കാന: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ചിദംബരത്തിനും ഷിന്‍ഡേയ്ക്കുമെതിരെ കേസ്
India
തെലങ്കാന: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ചിദംബരത്തിനും ഷിന്‍ഡേയ്ക്കുമെതിരെ കേസ്
ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2013, 12:00 am

[]ഹൈദരാബാദ്: തെലങ്കാന വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസ്താവനയിറക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയ്‌ക്കെതിരെയും ധനമന്ത്രി ചിദംബരത്തിനെതിരെയും കേസ്.

എല്‍.ബി നഗര്‍ പോലീസാണ് കേസെടുത്തത്. ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഐ.പി.സി സെക്ഷന്‍ 420 പ്രകാരം വഞ്ചനാ കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ ജനുവരി 28നു തന്നെ കോടതി ഉത്തരവിറക്കിയിരുന്നു.[]

ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തെലുങ്കാന ജൂനിയര്‍ അഡ്വേക്കേറ്റ്‌സ് അസോസിയേഷന്‍ അംഗം നരേഷ് കുമാറാണു പരാതിക്കാരന്‍.
തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതു സംബന്ധിച്ച് ജനങ്ങള്‍ക്കു നല്‍കിയ വാക്ക് പാലിക്കത്തതിനാണ് കേസ്.

തെലങ്കാന വിഷയം ഒരു മാസത്തിനുള്ളില്‍ ഒത്തുതീര്‍പ്പാക്കുമെന്നാണു കഴിഞ്ഞ ഡിസംബറില്‍ ഷിന്‍ഡേ നല്‍കിയ വാക്ക്. സംസ്ഥാന രൂപീകരണത്തിനുള്ള പ്രാരംഭ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും ചിദംബരവും ഉറപ്പ് നല്‍കിയിരുന്നു.

തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള നടപടികളെടുക്കുമെന്ന് 2009 ഡിസംബര്‍ 9 ന് ആഭ്യന്തരമന്ത്രി ചിദംബരം പ്രഖ്യാപിച്ചിരുന്നു. റായല്‍സീമ മേഖലകളിലും ആന്ധ്രയിലും പ്രതിഷേധം തുടരുന്നതിനിടെ പ്രശ്‌നത്തില്‍ കൂടുതല്‍ പരിശോധനകള്‍ ഇനിയും വേണ്ടിവരുമെന്നുമാണ് പ്രസ്താവനയ്ക്ക് ഭേദഗതി വരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത്.

അതേസമയം, പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായി ആന്ധ്രാപ്രദേശിനെ കുത്തനെ വിഭജിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വം പരിശോധിച്ച് വരികയാണ്.