കേരളത്തിന്റെ തീരുമാനങ്ങള്‍ ഞെട്ടിക്കുന്നു; യെച്ചൂരി എങ്ങനെ ഇതിനെയൊക്കെ പ്രതിരോധിക്കും? പൊലീസ് ആക്ടിനെ വിമര്‍ശിച്ച് പി. ചിദംബരം
national news
കേരളത്തിന്റെ തീരുമാനങ്ങള്‍ ഞെട്ടിക്കുന്നു; യെച്ചൂരി എങ്ങനെ ഇതിനെയൊക്കെ പ്രതിരോധിക്കും? പൊലീസ് ആക്ടിനെ വിമര്‍ശിച്ച് പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd November 2020, 1:42 pm

ന്യൂദല്‍ഹി: സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നിയമ ഭേദഗതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ കണ്ട് ഞെട്ടിപോകുന്നുവെന്നാണ് ചിദംബരം ട്വീറ്റ് ചെയ്തത്.

‘കുറ്റകരം എന്ന് പറയപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വ്യക്തികള്‍ക്കെതിരെ കേസെടുത്ത് അഞ്ച് വര്‍ഷം വരെ തടവില്‍ വെക്കാനുള്ള നിയമം കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ട് വന്നത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു,’ ചിദംബരം പോസ്റ്റ് ചെയ്തു.

ബാര്‍ കോഴക്കേസില്‍ ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെയും അദ്ദേഹം വിമര്‍ശിച്ചു.

അന്വേഷണ ഏജന്‍സികള്‍ നാലു തവണ അന്വേഷിച്ച് അവസാനിപ്പിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേര്‍ക്കാന്‍ ശ്രമിച്ചതും ഞെട്ടിച്ചു. എന്റെ സുഹൃത്ത് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ ഈ തീരുമാനങ്ങളെ പ്രതിരോധിക്കും,’ ചിദംബരം ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

2000ത്തിലെ ഐടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം സുപ്രീം കോടതി മറ്റു നിയമങ്ങളൊന്നും കൊണ്ട് വന്നിരുന്നില്ല. ഇതിനെ നേരിടാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഭേദഗതി.

ഭേദഗതിക്കെതിരെ നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രണ്ട് ആളുകള്‍ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചതെന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പറഞ്ഞത്.

നിയമത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത് ഇത് നിര്‍ദ്ദയവും വിമതശബ്ദങ്ങളെ നിഅടിച്ചമര്‍ത്തുന്നതാണെന്നുമായിരുന്നു. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണ് ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്ന നിയമമെന്നും അദ്ദേഹം പറഞ്ഞു.

ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതില്‍ ഗവര്‍ണര്‍ ഇന്ന് നിയമ പരിശോധന നടത്തും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chidambaram against decisions of Kerala govt over Kerala police act