പാലൊഴിച്ച നാടന്‍ കോഴിക്കറി
Kerala Recipe
പാലൊഴിച്ച നാടന്‍ കോഴിക്കറി
ന്യൂസ് ഡെസ്‌ക്
Monday, 25th June 2018, 3:27 pm

നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കുന്നവരുടെ ഇഷ്ട ഭക്ഷണമാണ് ചിക്കന്‍. ചിക്കന്റെ വിവിധ വിഭവങ്ങള്‍ ഉണ്ടെങ്കിലും നാടന്‍ ചിക്കന്‍ കറിയോട് ഒരല്പം ഇഷ്ടം കൂടുതല്‍ തന്നെയാണ് ആളുകള്‍ക്ക്. ഇന്ന് നമുക്ക് പാലൊഴിച്ച നാടന്‍ കോഴിക്കറി എങ്ങിനെയുണ്ടാക്കാം എന്ന് നോക്കാം.

ചേരുവകള്‍

കോഴി ചെറിയ കഷണങ്ങളാക്കിയത് – 1 കിലോ
തൈര് – 1 കപ്പ്
ചിക്കന്‍ മസാല – 2 ടീ സ്പൂണ്‍
ഉള്ളി – 1/4 കിലോ
ഇഞ്ചി – നീളത്തില്‍ അരിഞ്ഞത്,
വെളുത്തുള്ളി – 15 അല്ലി
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 തണ്ട്
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ – അത്യാവശ്യം വലിയ തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ പീസും, തൈരും 1 സ്പൂണ്‍ ചിക്കന്‍മസാലയും അല്‍പം ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്ത് 2 മണിക്കൂര്‍ അടച്ച് വെയ്ക്കുക. എണ്ണ ചൂടാക്കി ചിക്കന്‍പീസുകള്‍ വറുത്ത് എടുക്കുക. അതിനു ശേഷം ചട്ടിയില്‍ എണ്ണ ചൂടാക്കി. ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്. ഉള്ളി എന്നിവ വഴറ്റുക.

ഉള്ളി ഇളം ബ്രൗണ്‍ കളറാവുമ്പോള്‍ ചിക്കന്‍ മസാലയും മഞ്ഞള്‍പൊടിയും, ഓരൊ ടീസ്പൂണ്‍ ചേര്‍ക്കുക. ഒന്നിളക്കിയ ശേഷം വറുത്തെടുത്ത ചിക്കന്‍ കഷണങ്ങളും രണ്ടാം പാലും അല്‍പ്പം ഉപ്പും ചേര്‍ത്ത് അടച്ചുവയ്ക്കുക.

നല്ലവണ്ണം വറ്റിക്കഴിഞ്ഞാല്‍ ഒന്നാം പാല്‍ ചേര്‍ക്കുക, ഒന്നാം പാല്‍ ഒഴിച്ചാല്‍ പിന്നെ തിളയ്ക്കാതെ നോക്കണം. ശേഷം അടുപ്പില്‍ നിന്ന് വാങ്ങിവെച്ച് ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും മൂപ്പിച്ച് കറിയില്‍ ഇടാം. ആവശ്യമുള്ളവര്‍ക്ക് മാത്രം മല്ലിയില
ചെറുതായി വിതറാം.