തിരുവനന്തപുരം: ടി-20 ലോകകപ്പ് നേടിയതിന് പിന്നാലെ തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് വന്‍ സ്വീകരണം. മന്ത്രി വി. ശിവന്‍കുട്ടി സഞ്ജു സാംസണെ ഔദ്യോഗികമായി സ്വീകരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയാണ് മന്ത്രി സഞ്ജുവിനെ സ്വീകരിച്ചത്.
രാജ്യസഭാ എം.പിയും സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ എ.എ. റഹീം ഉള്‍പ്പെടെ സഞ്ജുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വലിയ ആരവത്തോടെയാണ് സഞ്ജുവിനെ ജന്മനാട് സ്വീകരിച്ചത്.
ഇന്നലെ (ഞായര്‍) ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചാണ് ടി-20 ലോകകപ്പിലെ ഫൈനല്‍ പോരാട്ടം നടന്നത്. ന്യൂസിലാന്‍ഡായിരുന്നു ഇന്ത്യയുടെ എതിരാളി. ന്യൂസിലാന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്.
46 പന്തില്‍ 89 റണ്‍സ് നേടിയാണ് സഞ്ജു ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും സഞ്ജു 80ലധികം റണ്‍സ് നേടിയാണ് ഇന്ത്യയെ വിജയിപ്പിച്ചത്.
മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ വലിയ രീതിയില്‍ അവഗണന നേരിട്ട സഞ്ജുവിന്റെ തിരിച്ചുവരവാണ് മലയാളികളുടെ ആവേശത്തിന് കാരണമായത്.
കേരളത്തിലെ രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും സഞ്ജുവിന്റെ വിജയം ഒരുപോലെ ആഘോഷിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സഞ്ജുവിനും ഇന്ത്യന്‍ ടീമിനും ഇന്നലെ ആശംസകള്‍ അറിയിച്ചിരുന്നു.
പിന്നാലെ കേരളത്തിലെത്തുന്ന സഞ്ജു സാംസണ് സര്‍ക്കാരിന്റെ ഔദ്യോഗിക സ്വീകരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
വരാനിരിക്കുന്ന ദിവസങ്ങളില്‍ മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുമെന്ന് എം.പി എ.എ. റഹീം മാധ്യമങ്ങളോട് പറഞ്ഞു. സഞ്ജു സാംസണ്‍ കേരളത്തിന്റെ അഭിമാനമാണെന്നും എ.എ. റഹീം പ്രതികരിച്ചു.
Content Highlight: ‘Chettan has arrived in Thiruvananthapuram’, Minister V.Sivankutty officially welcomes Sanju Samson