'മുസ്‌ലിമെന്ന് കരുതി ഡോക്ടറുടെ ചെക്കപ്പ് ചേതന്‍ നിഷേധിച്ചു, ആഗ്രഹം പാകിസ്ഥാനികളെയെല്ലാം കൊല്ലല്‍'; റിപ്പോര്‍ട്ട്
national news
'മുസ്‌ലിമെന്ന് കരുതി ഡോക്ടറുടെ ചെക്കപ്പ് ചേതന്‍ നിഷേധിച്ചു, ആഗ്രഹം പാകിസ്ഥാനികളെയെല്ലാം കൊല്ലല്‍'; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th August 2023, 8:46 pm

മുംബൈ: മുംബൈ-ജയ്പൂര്‍ എക്‌സ്പ്രസില്‍ മൂന്ന് യാത്രക്കാരെയും ഒരു എ.എസ്.ഐയെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ചേതന്‍ സിങ് കസ്റ്റഡിയില്‍ വെച്ചും കടുത്ത വിദ്വേഷം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.

ട്രെയിന്‍ നിര്‍ത്തിയില്ലെങ്കില്‍ താന്‍ എട്ട് മുതല്‍ 10 പേരെ കൂടി കൊല്ലുമായിരുന്നുവെന്ന് ചേതന്‍ സിങ് പറഞ്ഞതായി ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിഡ് ഡേ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പത്രത്തെ ക്വോട്ട് ചെയ്ത് ദി മിന്റും ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്.

മുസ്‌ലിമാണെന്ന സംശയം കൊണ്ട് മെഡിക്കല്‍ ചെക്കപ്പിന് കൊണ്ടുപോയപ്പോള്‍ താടി വെച്ച ഒരു ഡോക്ടറുടെ ചെക്കപ്പ് ഇയാള്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്ഥാനിലേക്ക് പോയി അവിടെയുള്ള എല്ലാവരെയും കൊല്ലുക എന്നതാണ് തന്റെ അവസാന ആഗ്രഹമെന്നും ഇദ്ദേഹം പറഞ്ഞതായി ജി.ആര്‍.പി വൃത്തങ്ങളെ ഉദ്ധരിച്ച് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചേതന്‍ കുമാര്‍ സിങ് ഓഗസ്റ്റ് 11 വരെ റെയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം മതസ്പര്‍ധ വകുപ്പും പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. നേരത്തെ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റവും ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമായിരുന്നു കേസെടുത്തിരുന്നത്.

 

ജൂലൈ 31ന് പുലര്‍ച്ചെയായിരുന്നു മൂന്ന് മുസ്‌ലിം യാത്രക്കാരെയും ഒരു സീനിയര്‍ ഉദ്യോഗസ്ഥനെയും ഇദ്ദേഹം വെടിവെച്ചുകൊല്ലുന്നത്. ആര്‍.പി.എഫ് എ.എസ്.ഐ ടീക്കാറാം മീണയും മൂന്ന് യാത്രക്കാരുമാണ് വെടിയേറ്റ് മരിച്ചത്. അസ്ഗര്‍ അബ്ബാസ് അലി (48), അബ്ദുല്‍ഖാദര്‍ മുഹമ്മദ് ഹുസൈന്‍ (64), സതാര്‍ മുഹമ്മദ് ഹുസൈന്‍ (48) എന്നീ യാത്രക്കാരാണ് കൊല്ലപ്പെട്ടത്.

ജയ്പൂരില്‍ നിന്ന് മുംബൈയിലേക്ക് വരുന്ന 12956 ട്രെയിനില്‍ ബി കോച്ചിലാണ് അക്രമം നടന്നത്. ട്രെയിനില്‍ പാല്‍ഘറിനും ദഹിസര്‍ സ്റ്റേഷനും ഇടയില്‍ എത്തിയപ്പോഴായിരുന്നു അക്രമം. ട്രെയിനിന്റെ ചങ്ങല വലിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

Content Highlight: Chetan Singh, the accused Mumbai-Jaipur Express shot dead case expressed extreme hatred even in custody