ശരീഅത്ത് പ്രകാരം ചെസ് ചൂതാട്ടത്തിനുള്ള മാര്‍ഗം; അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍
World News
ശരീഅത്ത് പ്രകാരം ചെസ് ചൂതാട്ടത്തിനുള്ള മാര്‍ഗം; അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2025, 8:27 am

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചെസ് നിരോധിച്ച് താലിബാന്‍ സര്‍ക്കാര്‍. ചൂതാട്ടത്തിന് കാരണമാകുമെന്ന് കാണിച്ച് ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ ചെസ് നിരോധിച്ചതായാണ് അറിയിപ്പ്. ഞായറാഴ്ചയാണ് താലിബാന്‍ സര്‍ക്കാര്‍ ചെസ് നിരോധിച്ചതായി അറിയിച്ചത്.

ഇസ്‌ലാമിക നിയമങ്ങളുമായി ചെസ് പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത് വരെ അനിശ്ചിത കാലത്തേക്ക് ചെസ് നിരോധിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇസ്‌ലാമിക ശരീഅത്ത് നിയമത്തില്‍ ചെസ് ചൂതാട്ടത്തിനുള്ള മാര്‍ഗമായി കണക്കാക്കുന്നുവെന്ന് താലിബാന്‍ സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് വക്താവ് അടല്‍ മഷ്‌വാനി പറഞ്ഞു. ചെസുമായി ബന്ധപ്പെട്ട് മതപരമായ പരിഗണനകളുണ്ടെന്നും ഈ പരിഗണനകള്‍ പരിഹരിക്കുന്നത് വരെ അഫ്ഗാനിസ്ഥാനില്‍ ചെസ് താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഇസ്‌ലാമികമായ ധാര്‍മിക നിയമങ്ങള്‍ പ്രകാരം ചെസ് നിരോധിക്കപ്പെടുന്നുവെന്നും ദേശീയ ചെസ് ഫെഡറേഷന്‍ ഏകദേശം രണ്ട് വര്‍ഷമായി പരിപാടികളൊന്നും നടപ്പാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2021ല്‍ അഫ്ഗാനിസ്ഥാന്‍, താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം നിരവധി കായിക ഇനങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മിക്‌സഡ് ആയോധന കലകളും ചില ചാമ്പ്യന്‍ഷിപ്പുകളും നിരോധിച്ചിരുന്നു.

നിരോധിക്കപ്പെട്ട കായിക ഇനങ്ങള്‍ അക്രമപരമാണെന്നും ശരിഅത്ത് സംബന്ധിച്ചിടത്തോളം ധാര്‍മിക നിയമങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നുമായിരുന്നു പറഞ്ഞത്.

ശരീഅത്ത് നിയമപ്രകാരം കായിക വിനോദങ്ങള്‍ പ്രശ്‌നമാണെന്നും ഇസ്‌ലാമിന്റെ നിയമങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിരുദ്ധമായ നിരവധി വശങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം താലിബാന്‍ വക്താവ് പറഞ്ഞിരുന്നു.

നിലവില്‍ സ്ത്രീകള്‍ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതിന് തന്നെ അഫ്ഗാനിസ്ഥാനില്‍ നിരോധനമുണ്ട്. താലിബാന്‍ നിരോധിക്കുന്ന ഏറ്റവും പുതിയ കായിക ഇനം കൂടിയാണ് ചെസെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേസ് പഞ്ചിങ്ങുള്‍പ്പെടെയുള്ള ഗെയിമുകളും നേരത്തെ താലിബാന്‍ നിരോധിച്ചിരുന്നു.

Content Highlight: Chess is a way to gamble according to Sharia; Taliban bans chess in Afghanistan