| Sunday, 8th June 2025, 12:22 pm

ഓട്ടോഗ്രാഫില്‍ നായകനായി ആദ്യം ഉദ്ദേശിച്ചത് വിജയ്‌യെ, കഥ ഇഷ്ടമായിട്ടും ആ കാരണം കൊണ്ട് അദ്ദേഹത്തിന് ചെയ്യാന്‍ സാധിച്ചില്ല: ചേരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായയാളാണ് ചേരന്‍. പുരിയാത പുതിര്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെയാണ് ചേരന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതമായ വേഷങ്ങള്‍ ചെയ്ത ചേരന്‍ ഭാരതി കണ്ണമ്മ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. നാല് ദേശീയ അവാര്‍ഡും ആറ് തമിഴ്നാട് സംസ്ഥാന അവാര്‍ഡും അദ്ദേഹം തന്റെ പേരിലാക്കിയിട്ടുണ്ട്.

മലയാളികള്‍ക്കിടയില്‍ ചേരനെ ശ്രദ്ധേയനാക്കിയ ചിത്രമായിരുന്നു ഓട്ടോഗ്രാഫ്. സെന്തില്‍ എന്ന യുവാവിന്റെ ജീവിതകഥ പറഞ്ഞ ചിത്രം വന്‍ വിജയമായി മാറിയിരുന്നു. മൂന്ന് ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡും ചിത്രം സ്വന്തമാക്കി. ചിത്രത്തില്‍ ആദ്യം നായകനായി മനസില്‍ കണ്ടത് വിജയ്‌യെ ആയിരുന്നെന്ന് പറയുകയാണ് ചേരന്‍.

താന്‍ വിജയ്‌യോട് കഥ പറഞ്ഞെന്നും അദ്ദേഹം ഈ സിനിമ ചെയ്യാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും ചേരന്‍ പറഞ്ഞു. രണ്ടരമണിക്കൂര്‍ കൊണ്ട് താന്‍ വിജയ്‌യോട് കഥ പറഞ്ഞെന്നും കണ്ണിമ ചിമ്മാതെ അദ്ദേഹം കഥ കേട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡേറ്റുകള്‍ കൃത്യമായി വരാത്തതിനാല്‍ അദ്ദേഹത്തിന് ചെയ്യാന്‍ സാധിച്ചില്ലെന്നും സിനിമ റിലീസായ ശേഷം അദ്ദേഹം വിളിച്ച് അഭിനന്ദിച്ചെന്നും ചേരന്‍ പറഞ്ഞു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓട്ടോഗ്രാഫില്‍ നായകാനാകേണ്ടിയിരുന്നത് വിജയ് സാറായിരുന്നു. പടത്തിന്റെ കഥ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായതുമാണ്. തമിഴില്‍ നല്ല സിനിമകളുടെ ഭാഗമാകണമെന്ന് നല്ല ആഗ്രഹമുള്ള നടനാണ് അദ്ദേഹം. വിജയ് സാര്‍ എനിക്ക് ഡേറ്റ് തരണമെന്ന ആഗ്രഹത്തില്‍ പറയുന്നതല്ല ഇത്. ഞാന്‍ നേരിട്ട് കണ്ടതിന്റെ അനുഭവത്തിലാണ് പറയുന്നത്.

ഈ സിനിമയുടെ കഥ പറഞ്ഞ സമയത്ത് അദ്ദേഹം കണ്ണിമ ചിമ്മാതെയാണ് കേട്ടിരുന്നത്. ഇതിന് മുമ്പ് ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളത് ശിവാജി ഗണേശന്‍ സാറിലായിരുന്നു. രണ്ടര മണിക്കൂര്‍ കൊണ്ടാണ് ഞാന്‍ ഓട്ടോഗ്രാഫിന്റെ കഥ വിജയ് സാറിന്റെയടുത്ത് പറഞ്ഞത്. വളരെ ശ്രദ്ധയോടെ കഥയില്‍ തന്നെ അദ്ദേഹം മുഴുകിയിരുന്നു.

ആ സിനിമ ചെയ്യണമെന്ന് സാറിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഡേറ്റുകള്‍ ശരിയായി വരാത്തത് കൊണ്ട് അദ്ദേഹത്തിന് ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെ ഞാന്‍ തന്നെ നായകനാകേണ്ടി വന്നു. സിനിമ റിലീസായ ആദ്യദിവസം തന്നെ വിജയ് സാര്‍ അത് കണ്ടു. അന്ന് തന്നെ എന്നെ വിളിച്ച് നന്നായിട്ടുണ്ട് എന്ന് പറഞ്ഞു,’ ചേരന്‍ പറയുന്നു.

Content Highlight: Cheran saying Vijay was the first option to do the hero role in Autograph movie

Latest Stories

We use cookies to give you the best possible experience. Learn more