'വെയ്റ്റിങ് ഫോര്‍ ചേട്ടന്‍സ് മൂവ്'; സഞ്ജുവിന്റെ ത്രില്ലിങ് വീഡിയോ പങ്കുവെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്!
Cricket
'വെയ്റ്റിങ് ഫോര്‍ ചേട്ടന്‍സ് മൂവ്'; സഞ്ജുവിന്റെ ത്രില്ലിങ് വീഡിയോ പങ്കുവെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്!
ശ്രീരാഗ് പാറക്കല്‍
Friday, 27th March 2026, 10:40 am

ഐ.പി.എല്ലിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കാലെടുത്ത് വെക്കാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. നാളെ (മാര്‍ച്ച് 28ന്) ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഓപ്പണിങ് മാച്ചില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും ഹോം ടീമുമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

ടൂര്‍ണമെന്റില്‍ വലിയ തയ്യാറെടുപ്പിലാണ് ഫാന്‍സ് ഫേവറേറ്റായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ചെന്നൈലേക്കുള്ള കൂടുമാറ്റമാണ് ആരാധകരെ ഏറെ ആവേശത്തിലാക്കുന്നത്. താരത്തിന് മേല്‍ ആരാധകര്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷകളും വാനോളമാണ്.

അതേസമയം ചെന്നൈ ക്യാമ്പില്‍ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. ‘ടൂ ക്ലോസ് ബട്ട് വെയ്റ്റ് ഫോര്‍ ചേട്ടന്‍സ് മൂവ്’ എന്ന കുറിപ്പോടെ ചെന്നൈയുടെ എക്‌സ് ഹാന്‍ഡില്‍ പുത്ത് വിട്ട വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചെന്നൈയുടെ താരങ്ങള്‍ കണ്ണ് അടച്ചുകൊണ്ട് തങ്ങളുടെ ജേഴ്‌സി നമ്പറുകള്‍ സ്റ്റോപ് വാച്ചില്‍ നിര്‍ത്തിക്കുന്ന ഒരു ചലഞ്ചിന്റെ വീഡിയോയാണ് ടീമിന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, സഞ്ജു സാംസണ്‍ എന്നിവര്‍ പങ്കെടുത്ത ചലഞ്ചില്‍ സഞ്ജു വിജയിക്കുകയായിരുന്നു. ചലഞ്ചിനൊടുവില്‍ സഞ്ജു ഓവര്‍ എന്ന് പറയുന്ന മാസ് ഡയലോകും ആരാധകരില്‍ ആവേശം സൃഷ്ടിച്ചു.

അതേസമയം, ഐ.പി.എല്‍ 2026ല്‍ മാര്‍ച്ച് 30നാണ് ചെന്നൈയുടെ ആദ്യ മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ആര്‍. ആറിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. തന്റെ പഴയ ടീമിനെതിരെ സഞ്ജു എങ്ങനെയാകും ബാറ്റ് വീശുന്നതെന്ന് കാണാനായി കാത്തിരിക്കുകയാണ് ആരാധകരും. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനൊപ്പം സഞ്ജുവും ഓപ്പണിങ്ങിനിറങ്ങുമ്പോള്‍ വലിയ ആവേശത്തിലാണ് ഏവരും.

Content Highlight: Chennai Super Kings Shared Sanju Samson’s Trilling Video

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ