ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 204 റണ്‍സ് വിജയലക്ഷ്യം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 203 റണ്‍സ് അടിച്ചെടുത്തത്.
ഓസ്ട്രേലിയന്‍ താരം ജോഷ് ഇംഗ്ലിസിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് എല്‍.എസ്.ജി മികച്ച ടോട്ടല്‍ നേടിയത്. 33 പന്തില്‍ 85 റണ്‍സാണ് താരം അടിച്ചെടുത്തത്. 10 ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു ഓസീസ് താരത്തിന്റെ ഇന്നിങ്സ്. 17 പന്തുകളില്‍ നിന്നുമാണ് ഇംഗ്ലിസ് ഫിഫ്റ്റി അടിച്ചെടുത്തത്.
ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 20ല്‍ കുറവ് പന്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ഫിഫ്റ്റികള്‍ വഴങ്ങുന്ന ടീമായും ചെന്നൈ മാറി. ഇത് പത്താം തവണയാണ് ചെന്നൈക്കെതിരെ എതിര്‍ ടീം താരങ്ങള്‍ 20ല്‍ കുറവ് പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി സ്വന്തമാക്കുന്നത്. ഈ മോശം നേട്ടത്തില്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് സി.എസ്.കെ.
ഐ.പി.എല്ലില്‍ 20 പന്തില്‍ താഴെ ഏറ്റവും കൂടുതല്‍ വ്യക്തിഗത അര്‍ധ സെഞ്ച്വറികള്‍ വഴങ്ങിയ ടീമുകള്‍, അര്‍ധ സെഞ്ച്വറികളുടെ എണ്ണം
അതേസമയം മത്സരത്തില്‍ ഇംഗ്ലിസ് നല്‍കിയ മികച്ച തുടക്കം നിലനിര്‍ത്തുന്നതില്‍ ലഖ്നൗ പരാജയപ്പെട്ടു. പിന്നീടെത്തിയ താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനായില്ല. കൃത്യമായ ഇടവേളകളില്‍ ചെന്നൈ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ ഷഹബാസ് അഹമ്മദ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ ലഖ്നൗ സ്‌കോര്‍ 200 കടന്നു. 25 പന്തില്‍ പുറത്താവാതെ 43 റണ്‍സാണ് ഷഹബാസ് നേടിയത്. മൂന്ന് വീതം ഫോറുകളും സിക്‌സുകളുമാണ് താരം നേടിയത്.
ചെന്നൈ ബൗളിങ്ങില്‍ ജെയ്മി ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റുകള്‍ നേടി എല്‍.എസ്.ജി ബാറ്റിങ് നിരയെ സമ്മര്‍ദത്തിലക്കി. അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റും നൂര്‍ അഹമ്മദ് ഒരു വിക്കറ്റും സ്വന്തമാക്കി.