2026ലെ ഐ.പി.എല്ലിന് മുന്നോടിയായി ടീമില്‍ വമ്പന്‍ മാറ്റം വരുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. പരിക്കേറ്റ് പുറത്തായ ഓസ്‌ട്രേലിയന്‍ പേസര്‍ നഥാന്‍ എല്ലിസിന് പകരക്കാരനായി ഓസ്‌ട്രേലിയന്‍ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണെ ചെന്നൈ ടീമിലെത്തിച്ചിരിക്കുകയാണ്. ഒന്നര കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്.
മാര്‍ച്ച് 11ന് നടന്ന ഏകദിന മത്സരത്തിനിടെയാണ് നഥാന്‍ എല്ലിസിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാന്‍ എല്ലിസിന് കൂടുതല്‍ സമയം ആവശ്യമായി വന്നതോടെയാണ് ചെന്നൈ സ്‌പെന്‍സര്‍ ജോണ്‍സനെ ടീമിലെത്തിച്ചത്.
ഐ.പി.എല്ലില്‍ മുമ്പും പന്തെറിഞ്ഞ് പരിചയമുള്ള താരമാണ് സ്‌പെന്‍സര്‍ ജോണ്‍സണ്‍. 2024ലെ ലേലത്തില്‍ 10 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സായിരുന്നു താരത്തെ സ്വന്തമാക്കിയത്. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചെങ്കിലും ജോണ്‍സന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഐ.പി.എല്ലില്‍ ഇതുവരെ 9 മത്സരങ്ങളില്‍ കളിച്ച താരം 27.2 ഓവര്‍ ബൗള്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല 284 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സീസണിലെ മോശം പ്രകടനം കാരണമാണ് ജോണ്‍സന്റെ അടിസ്ഥാന വിലയിടിഞ്ഞത്.
അതേസമയം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
എന്നാല്‍ ഫാന്‍സ് ഫേവറേറ്റായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരം മാര്‍ച്ച് 30നാ ഗുവാഹത്തിയിലാണ് നടക്കുക. രാജസ്ഥാനെതിരായ ആദ്യമത്സരത്തില്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ ചെന്നൈയുടെ ബോളിങ് നിരയില്‍ മികവ് പുലര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മാത്രമല്ല ഇരുവരും തമ്മിലുള്ള മത്സരത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സൂപ്പര്‍ താരം സഞ്ജു സാംസണെ ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ചെന്നൈയില്‍ നിന്ന് സാം കറനെയും രവീന്ദ്ര ജഡേജയെയും ട്രേഡ് ചെയ്യുകയുണ്ടായിരുന്നു. ഇതു തന്നെയാണ് ഇരു ടീമുകളും തമ്മിലുള്ള ഓപ്പണിങ് ക്ലാഷിന്റെ പ്രത്യേകതയും.
Content Highlight: Chennai Super Kings bring in Spencer Johnson to replace injured Australian pacer Nathan Ellis