ലഖ്നൗവിനെ തകര്‍ത്ത് ജീവന്‍ നിലനിര്‍ത്തി; രാജസ്ഥാനെ താഴെയിറക്കി ചെന്നൈ കുതിക്കുന്നു
Cricket
ലഖ്നൗവിനെ തകര്‍ത്ത് ജീവന്‍ നിലനിര്‍ത്തി; രാജസ്ഥാനെ താഴെയിറക്കി ചെന്നൈ കുതിക്കുന്നു
Sudev A
Sunday, 10th May 2026, 7:45 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറാം ജയം. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ചെന്നൈ വീഴ്ത്തിയത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ നാല് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു.

ഈ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും ചെന്നൈക്ക് സാധിച്ചു. ജയത്തോടെ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കാണ് ചെന്നൈ കുതിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെയാണ് ചെന്നൈ മറികടന്നത്. തോല്‍വിയോടെ എല്‍.എസ്.ജിയുടെ പ്ലേ ഓഫ് സാധ്യതകളും അസ്തമിച്ചിരിക്കുകയാണ്.

അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ ഉര്‍വില്‍ പട്ടേലിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. 23 പന്തില്‍ 65 റണ്‍സാണ് ഉര്‍വില്‍ അടിച്ചെടുത്തത്. രണ്ട് ഫോറുകളും എട്ട് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 42 റണ്‍സും മലയാളി താരം സഞ്ജു സാംസണ്‍ 28 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി.

ലഖ്നൗ ബൗളിങ്ങില്‍ ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിങ് രാഥി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ആവേശ് ഖാന്‍ ഒരു വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഓസ്ട്രേലിയന്‍ താരം ജോഷ് ഇംഗ്ലിസിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് എല്‍.എസ്.ജി മികച്ച ടോട്ടല്‍ നേടിയത്. 33 പന്തില്‍ 85 റണ്‍സാണ് താരം അടിച്ചെടുത്തത്. 10 ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു ഓസീസ് താരത്തിന്റെ ഇന്നിങ്സ്.

എന്നാല്‍ പിന്നീട് ഇംഗ്ലിസ് നല്‍കിയ മികച്ചതുടക്കം നിലനിര്‍ത്തുന്നതില്‍ ലഖ്‌നൗ പരാജയപ്പെട്ടു. പിന്നീടെത്തിയ താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനായില്ല. കൃത്യമായ ഇടവേളകളില്‍ ചെന്നൈ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ ഷഹബാസ് അഹമ്മദ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ ലഖ്‌നൗ സ്‌കോര്‍ 200 കടന്നു. 25 പന്തില്‍ പുറത്താവാതെ 43 റണ്‍സാണ് ഷഹബാസ് നേടിയത്. മൂന്ന് വീതം ഫോറുകളും സിക്സുകളുമാണ് താരം നേടിയത്.

ചെന്നൈ ബൗളിങ്ങില്‍ ജെയ്മി ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റുകള്‍ നേടി എല്‍.എസ്.ജി ബാറ്റിങ് നിരയെ സമ്മര്‍ദത്തിലാക്കി. അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റും നൂര്‍ അഹമ്മദ് ഒരു വിക്കറ്റും സ്വന്തമാക്കി.

അതേസമയം മെയ് 15ന് ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തും. ലഖ്നൗവിന്റെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Chennai Super Kings Beat Lucknow Super Giants in IPL 2026

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.