ഐ.പി.എല്‍ 2026 മിനി താരലേലത്തില്‍ സൂപ്പര്‍ താരം സര്‍ഫറാസ് ഖാനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്കാണ് സര്‍ഫറാസിനെ ചെന്നൈ ടീമിലെത്തിച്ചത്. ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരു ടീമും താരത്തെ സ്വന്തമാക്കിയിരുന്നില്ല.
എന്നാല്‍ ലേലത്തിന്റെ അവസാന ഘട്ടത്തില്‍ ചെന്നൈ താരത്തെ സ്വന്തമാക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ താരത്തെ ടീമുകള്‍ അവഗണിച്ചത് ഏവരേയും നിരാശരാക്കിയിരുന്നു.
എന്നാല്‍ ഇന്ന് (ഡിസംബര്‍ 16) താരലേലം നടക്കുന്ന സമയത്തും ഇന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനം നടത്തിയായിരുന്നു സര്‍ഫറാസ് മടങ്ങിയത്.
രാജസ്ഥാനെതിരായ മത്സരത്തില്‍ മുംബൈക്ക് വേണ്ടി മൂന്നാം നമ്പറിലായിരുന്നു സര്‍ഫറാസ് ഇറങ്ങിയത്. തുടര്‍ന്ന് 22 പന്തില്‍ 73 റണ്‍സാണ് താരം അടിച്ചിട്ടത്. ഏഴ് സിക്‌സും ആറ് ഫോറും അടക്കമാണ് താരത്തിന്റെ ഇന്നിങ്‌സ്. 331.82 എന്ന അത്യുഗ്രന്‍ സ്‌ട്രൈക്കിലാണ് താരം ബാറ്റേന്തിയത്.
നേരിട്ട 15ാം പന്തില്‍ സര്‍ഫറാസ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയികുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 329 റണ്‍സാണ് താരം നേടിയത്. മൂന്ന് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയുമാണ് സര്‍ഫറാസിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
സമീപ കാലത്തെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ചെന്നൈക്ക് വേണ്ടി കളത്തിലിറങ്ങിയാല്‍ സര്‍ഫറാസിന്റെ വെടിക്കെട്ട് പ്രകടനം വീണ്ടും കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
2024-25 സീസണില്‍ താരത്തെ ഐ.പി.എല്‍ താര ലേലത്തില്‍ ടീമുകള്‍ തെരഞ്ഞെടുത്തില്ലായിരുന്നു. ടൂര്‍ണമെന്റില്‍ ദല്‍ഹി, പഞ്ചാബ് ബെംഗളൂരു എന്നീ ടീമുകളില്‍ സര്‍ഫറാസ് ഇടം നേടിയിരുന്നു. 2015 മുതല്‍ 2021വരെ ഐ.പി.എല്ലില്‍ കളിച്ച സര്‍ഫറാസ് 37 ഇന്നിങ്‌സില്‍ നിന്ന് 585 റണ്‍സ് നേടിയിട്ടുണ്ട്. 67 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് താരത്തിനുള്ളത്.
Content Highlight: Chennai Super Kings acquire superstar Sarfaraz Khan in the IPL 2026 mini-auction