എഡിറ്റര്‍
എഡിറ്റര്‍
‘പ്രതിഷേധത്തിന്റെ ചെന്നൈ മോഡല്‍’; ജി.ബാലയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച് ചെന്നൈ പ്രസ് ക്ലബ്ബ്; പിന്തുണയുമായി മലയാളികളും
എഡിറ്റര്‍
Monday 6th November 2017 7:29pm

ചെന്നൈ: തിരുനെല്‍വേലിയില്‍ കര്‍ഷക കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭരണകൂടത്തെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ ജി ബാലയ്ക്ക് പിന്തുണയുമായി ചെന്നൈ പ്രസ് ക്ലബ്ബ്. ബാല വരച്ച കാര്‍ട്ടൂണിന്റെ ഫ്‌ളക്‌സ് പ്രസ് ക്ലബ്ബിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു പ്രസ് ക്ലബ്ബ് കാര്‍ട്ടൂണിസ്റ്റിന് പിന്തുണ പ്രഖ്യാപിച്ചത്. ചെറിയ കോളത്തില്‍ ബാല വരച്ച വലിയ പ്രതിഷേധത്തെ അതിലും വലിയ ഫ്‌ളക്‌സിലാക്കി അതിനേക്കാള്‍ വലിയ പ്രതിഷേധമാക്കി മാറ്റിയിരിക്കുകയാണ് പത്ര പ്രവര്‍ത്തകര്‍.

ചെന്നൈ പ്രസ് ക്ലബ്ബിന്റെ മുമ്പിലുള്ള പ്രസ് ക്ലബ്ബെന്ന ഫലകത്തിന് മുകളിലായാണ് കാര്‍ട്ടൂണിന്റെ വലിയ ഫ്‌ളക്‌സ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പ്രസ് ക്ലബ്ബിന്റെ പ്രതിഷേധത്തെ മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്നുമുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമായി രംഗത്തെത്തി കഴിഞ്ഞു. നിരവധി മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വരകളിലൂടെയുള്ള തന്റെ വിമര്‍ശനങ്ങള്‍ തുടരുമെന്ന് ബാല പറഞ്ഞിരുന്നു.ഇന്നലെ തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ബാലയ്ക്ക് തിരുനെല്‍വേലി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.

‘ഞാനും ഒരു മാധ്യമപ്രവര്‍ത്തകനാണ്. ഞാന്‍ കൊലപാതകമൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് പശ്ചാത്താപവുമില്ല. സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലാത്ത പ്രവര്‍ത്തനങ്ങളെ തന്റെ കാര്‍ട്ടൂണിലൂടെ വിമര്‍ശിക്കുന്നത് തുടരും കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് തുടരും. ഞാനവസാനിപ്പിക്കുകയില്ല. മോദി മുതല്‍ പളനിസ്വാമി വരെയുള്ളവരുടെ ഭരണ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടും’ ജാമ്യത്തിലിറങ്ങിയ ബാല പറഞ്ഞു.


Also Read: ‘പിണറായി വിളിച്ചു, കോഹ്‌ലി എത്തി’; കേരളാ പൊലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത് ഇന്ത്യന്‍ നായകനും താരങ്ങളും, വീഡിയോ കാണാം


തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസാമിയെ അവഹേളിക്കുന്ന രീതിയില്‍ കാരിക്കേച്ചര്‍ വരച്ചെന്ന് ആരോപിച്ചായിരുന്നു തമിഴ്‌നാട്ടിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജി.ബാലയെ അറസ്റ്റ് ചെയ്തിരുന്നത്. ജില്ലാ ഭരണകൂടത്തിനെതിരായ കാരിക്കേച്ചറിന്റെ പേരിലായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി.

ബ്ലേഡ് മാഫിയയുടെ പിടിയിലകപ്പെട്ട നാലംഗ കുടുംബം തീകൊളുത്തി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയും നെല്ലായി ജില്ലാ കലക്ടറും പൊലീസ് കമ്മീഷണറും ഉള്‍പ്പെടുന്ന സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെടുന്നില്ല എന്നാരോപിക്കുന്ന കാര്‍ട്ടൂണിനെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്ന ബാല വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരുന്നത്. പോസ്റ്റ് നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. 4000 ലൈക്ക്‌സും 12,000 ഷെയറുമായിരുന്നു സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച പോസ്റ്റിനു ലഭിച്ചിരുന്നത്. കഴിഞ്ഞ മാസം 23നാണ് തിരുനെല്‍വേലി കളക്ടറുടെ ഓഫീസിന് മുന്നില്‍ കര്‍ഷക തൊഴിലാളി തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയിരുന്നത്.

ബ്ലേഡ് മാഫിയയ്ക്കെതിരെ നിരന്തരം അധികൃതരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടാകാത്തതിനെത്തുടര്‍ന്നായിരുന്നു കര്‍ഷകന്‍ ഇസാക്കിമുത്തുവും ഭാര്യ സുബ്ബലക്ഷ്മിയും കുടുംബവും തീ കൊളുത്തിയിരുന്നത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും മരിച്ചിരുന്നു.

Advertisement