ഹാരിസണുമായുള്ള ഭൂമികേസ് ചൂണ്ടിക്കാട്ടി ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വോട്ടവകാശം നിഷേധിച്ച് ജില്ലാ ഭരണകൂടം
D' Election 2019
ഹാരിസണുമായുള്ള ഭൂമികേസ് ചൂണ്ടിക്കാട്ടി ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വോട്ടവകാശം നിഷേധിച്ച് ജില്ലാ ഭരണകൂടം
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 9:20 am

പത്തനംതിട്ട: ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്ന മൂവായിരം പേര്‍ക്ക് ലോകസഭാ തെരഞ്ഞെടുപ്പിലും വോട്ടവകാശമില്ല. വോട്ടവകാശത്തിനായി അപേക്ഷ നല്‍കിയെങ്കിലും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അധികൃതര്‍ തയാറായില്ലെന്ന് സമരഭൂമിയില്‍ താമസിക്കുന്നവര്‍ പറയുന്നു.

625 കുടുംബങ്ങളിലായി മൂവായിരത്തോളം വോട്ടര്‍മാരാണ് ചെങ്ങറ സമര ഭൂമിയില്‍ താമസിക്കുന്നത്. ഇവര്‍ക്ക് കഴിഞ്ഞ 12 വര്‍ഷമായി വോട്ടവകാശമില്ല. ഹാരിസണുമായുള്ള ഭൂമികേസ് ചൂണ്ടിക്കാട്ടിയാണ് വോട്ടവകാശം നിഷേധിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലും വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെടുത്താനായി അപേക്ഷ നല്‍കിയെങ്കിലും ഇവര്‍ താമസിക്കുന്ന ഭൂമി ഹാരിസണുമായി കേസില്‍ കിടക്കുന്നതായതിനാല്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കഴിയില്ല എന്നായിരുന്നു ജില്ലാ ഭരണകൂടത്തില്‍ നിന്ന് ലഭിച്ച മറുപടി.

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും റേഷന്‍ രേഖയും നല്‍കാന്‍ 2018 മേയ് 17ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിനായുള്ള സര്‍വേയും പൂര്‍ത്തിയായി. എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും റേഷന്‍ കാര്‍ഡ് നല്‍കാനും നടപടിയുണ്ടായില്ല.

2017ലാണ് സമരഭൂമിയിലുള്ളവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്നടക്കമുള്ള നിര്‍ദ്ദേശം മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയത്. ഇത് പ്രകാരം 2016 മുതല്‍ തന്നെ തങ്ങള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷകള്‍ നല്‍കിയിരുന്നുവെന്നും നടപടിയുണ്ടായില്ലെന്നും സമരസമിതി നേതാവ് ടി.ആര്‍ ശശി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ ഏപ്രില്‍ 8ാം തിയ്യതി കലക്ടറെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് സമയം കഴിഞ്ഞു പോയെന്നും അടുത്ത തവണ ചേര്‍ക്കാമെന്നുമാണ്. 2017ല്‍ വന്ന ഉത്തരവ് 2018ലും നടപ്പിലാക്കിയിരുന്നില്ല. എന്നിട്ട് ഇപ്പോള്‍ പറയുന്നത് സമയം കഴിഞ്ഞു പോയെന്നും അടുത്ത തവണ ചേര്‍ക്കാമെന്നുമാണ്. ഞങ്ങളും ഈ രാജ്യത്തെ പൗരന്മാണ്. പൗരാവകാശത്തില്‍ നിന്ന് ഞങ്ങളെ മാറ്റി നിര്‍ത്താനുണ്ടായ അയോഗ്യത എന്താണെന്ന് സര്‍ക്കാര്‍ പറയണം. ‘ ടി.ആര്‍ ശശി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

12 വര്‍ഷമായി സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് മേഖലയിലെ വോട്ടര്‍പട്ടികയില്‍ മാത്രമല്ല സ്ഥാനം നിഷേധിക്കപ്പെട്ടതെന്ന് സമര നേതാവായ ടി.ആര്‍ ശശി പറയുന്നു.

‘ഞങ്ങള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള ടോയ്‌ലറ്റ് പോലുമില്ല. കുടിവെള്ളവും വൈദ്യുതിയുമില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പഠനോപകരണങ്ങളായ ഒരു മേശയോ റൂമോ പോലുമില്ല. ഡീസല്‍ വിളക്കിന്റെ വെളിച്ചത്തിലാണ് നാനൂറിലധികം വരുന്ന കുട്ടികള്‍ ഇവിടെ പഠിക്കുന്നത്.

റേഷന്‍ കാര്‍ഡോ വീട് നമ്പറോ ആധാര്‍ കാര്‍ഡോ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. മനുഷ്യാവകാശ കമ്മീഷന്റെയും ഗോത്ര കമ്മീഷന്റെയും ബാലാവകാശ കമ്മീഷന്റെയും ഉത്തരവുകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 256 ദിവസം കലക്ടറേറ്റ് പടിക്കല്‍ ഞങ്ങള്‍ സമരം ചെയ്തിരുന്നു. പക്ഷെ ഞങ്ങളെ മനുഷ്യരായി പരിഗണിക്കാന്‍ ഇവിടത്തെ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.’ ടി.ആര്‍ ശശി പറയുന്നു.

2007 ഓഗസ്റ്റ് നാലിനാണ് ചെങ്ങറയില്‍ ഭൂസമരം ആരംഭിച്ചത്. ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റില്‍ സാധുജന വിമോചന സംയുക്ത വേദിയുടെയും, ളാഹ ഗോപാലന്റെയും സലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തിലാണ് കേരളത്തിലെ ഭൂരഹിതരായ ഒരുപറ്റം ജനത സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചെങ്ങറയിലെത്തിയത്. ഇപ്പോള്‍ സമരഭൂമിയില്‍ താമസമാക്കിയിട്ട് 12 വര്‍ഷമായിട്ടും നിരന്തരമായ അവഗണനയും ഭരണഘടനാപരമായ അവകാശ നിഷേധങ്ങളും നേരിടുകയാണ് സമരഭൂമിയിലുള്ളവര്‍.

ദളിതരും ആദിവാസികളുമടങ്ങുന്ന ജനതയാണ് സമരഭൂമിയിലുള്ളത്. റേഷന്‍ കാര്‍ഡും വീട്ടുനമ്പറും തിരിച്ചറിയല്‍ കാര്‍ഡുമൊന്നുമില്ലാത്തതുകൊണ്ട് സര്‍ക്കാരിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുമില്ല.