ചീമേനി മരുഭൂമിയാവും
Opinion
ചീമേനി മരുഭൂമിയാവും
ന്യൂസ് ഡെസ്‌ക്
Saturday, 16th June 2012, 3:36 pm

എസ്സേയ്‌സ് / വി.കെ രവീന്ദ്രന്‍
ഫോട്ടോ: പ്രകാശന്‍ മഹാദേവഗ്രാമം

സ്ഥാപിച്ചേ അടങ്ങൂ എന്ന് എല്‍.ഡി.എഫ് സര്‍ക്കാരും പിന്നീട് യു.ഡി.എഫ് സര്‍ക്കാരും ആണയിട്ട് പ്രഖ്യാപിച്ച ഏഷ്യയിലെ തന്നെ ഭീമന്‍ കല്‍ക്കരി താപനിലയം പലവിധ എതിര്‍പ്പുകളെയും കല്‍ക്കരി ദൗര്‍ലഭ്യത്തിന്റെയും പേരില്‍ വേണ്ടെന്ന് വെച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ നിഷ്‌കളങ്കരായ സാധാരണ മനുഷ്യര്‍.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ കല്‍ക്കരി താപനിലയത്തിന് വേണ്ടി ശാഠ്യം പിടിച്ച് വാദിച്ചവര്‍ പുതിയ സാഹചര്യത്തില്‍ ഒരു കാരണവശാലും ചീമേനിയില്‍ കല്‍ക്കരി താപനിലയം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചത് കൗതുകമുണര്‍ത്തിയിരുന്നുവെങ്കിലും ജനങ്ങളെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ആശ്വാസമായിരുന്നു.

എന്നാല്‍ കല്‍ക്കരി താപനിലയത്തിന് പകരം പ്രകൃതി വാതകമുപയോഗിച്ച് ചീമേനിയില്‍ താപവൈദ്യുത നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. പ്രകൃതി വാതകമുപയോഗിച്ചുകൊണ്ടുള്ള താപനിലയം ചീമേനിയില്‍ സ്ഥാപിക്കുമെന്ന് സംസ്ഥാന വൈദ്യുതിമന്ത്രിയും കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രിയും സംസ്ഥാന വ്യാവസായ മന്ത്രിയും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനായി കഴിഞ്ഞ ബജറ്റില്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി തുക നീക്കിവെച്ചതായാണ് അറിയാന്‍ കഴിഞ്ഞത്.

വാതകാധിഷ്ഠിത താപനിലയം സ്ഥാപിക്കുന്നതിന് ആവശ്യമായ പദ്ധതി നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കാന്‍ ഹൈദരബാദിലെ രാംകി എന്‍വൈറോ എഞ്ചിനീയഴ്‌സ് ലിമിറ്റഡിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. അവരാകട്ടെ അവരുടെ ദൗത്യം “ഭംഗിയായി” നിര്‍വ്വഹിക്കുകയും രൂപരേഖ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പേറേഷന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഈ റിപ്പോര്‍ട്ടിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ഇവര്‍ പ്രശ്‌നത്തെ സമീപിച്ചത് അത്യധികം ലാഘവത്തോടെയാണ് എന്നു മനസ്സിലാക്കാന്‍ കഴിയും. 13-ഓളം പഞ്ചായത്തുകളെയും മൂന്ന് മുനിസിപ്പാലിറ്റികളെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന ഒരു പദ്ധതിയാണിത്. വാതകം കൊണ്ടുപോകുന്നതിനായി കൊച്ചി-മംഗലാപുരം പൈപ്പ് ലൈന്‍ കടന്നുപോകേണ്ടുന്ന പഞ്ചായത്തുകളും നഗരസഭയും അതിനെതിരായ നിലപാടുകളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇവര്‍ ചീമേനിയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന വാതക താപനിലയത്തിന് എതിരായ നിലപാട് സ്വീകരിച്ചതായി കാണുന്നില്ല. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് വാതകപൈപ്പ് ലൈന്‍ കൊണ്ടുപോകുന്നത് തന്നെ വിവരണാതീതമായ പാരിസ്ഥിതിക ആഗാധത്തിനാണ് വഴിവെക്കുക.

ചീമേനിയുടെ ചരിത്രം

പ്രധാനമായും കയ്യൂര്‍-ചീമേനി, പെരിങ്ങോം-വയക്കര, കാങ്കോല്‍-ആലപ്പടമ്പ്, കരിവെള്ളൂര്‍-പെരളം, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ചെറുവത്തൂര്‍, പിലിക്കോട്, തൃക്കരിപ്പൂര്‍, വലിയപറമ്പ്, പടന്ന, രാമന്തളി പഞ്ചായത്തുകളും നീലേശ്വരം, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റികളും താപനിലയത്തിന്റെ കെടുതികള്‍ പ്രത്യക്ഷത്തില്‍ അനുഭ വിക്കേണ്ടുന്ന പ്രദേശങ്ങളാണ്.

800 മുതല്‍ 900ഏക്കര്‍ വരെ മൊത്തം വിസ്തീര്‍ണ്ണം വരുന്ന അമ്പതോളം കാവുകള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ നിലവിലുണ്ട്. താപനിലയം സ്ഥാപിക്കുന്നതോടെ ജൈവ വൈവിധ്യങ്ങളുടെ കലവറയായ കാവുകളാണ് നാശമടയുന്നത്. പദ്ധതി പ്രദേശത്ത് നിന്ന് എട്ട്, ഒമ്പത് കിലോമീറ്റര്‍ അകലെയാണ് ഭീമനടി വനവും കോട്ടഞ്ചേരി വനവും സ്ഥിതി ചെയ്യുന്നത്.

താപനിലയം സ്ഥാപിക്കുന്ന പ്രദേശത്തിന്റെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ ആഭ്യന്തര സുരക്ഷാ സ്ഥാപനങ്ങളോ മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ ജനങ്ങളോ പാടില്ലെന്നാണത്രെ നിബന്ധന. ഈ നിബന്ധനകള്‍ ചീമേനിക്ക് ബാധകമല്ലെന്നാണ് പഠന റിപ്പോര്‍ട്ട് വായിച്ചാല്‍ തോന്നുക. ഏഴിമല നാവല്‍അക്കാദമി, പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പ്, ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി, കാസര്‍കോട്ടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് തുടങ്ങിയവ നിര്‍ദ്ദിഷ്ട താപനിലയത്തിന്റെ 25 കിലോമീറ്റര്‍ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. 25 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ മുപ്പത് ലക്ഷത്തിലേറെ ജനങ്ങള്‍ ജീവിക്കുന്നുണ്ട്.

 

നീരൊഴുക്ക് വറ്റുമ്പോള്‍

ചീമേനിയിലെ ചെങ്കല്‍കുന്നില്‍ നിന്നാണ് എടച്ചാക്കൈ പുഴ, കവ്വായി പുഴ, പെരുമ്പ പുഴ, രാമപുരം പുഴ, എന്നിവ ഉത്ഭവിക്കുന്നത്. തേജസ്വിനി പുഴയുടെ ജലസമൃദ്ധിക്ക് ചീമേനി കുന്നില്‍ നിന്ന് ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലുകള്‍ പ്രധാന കാരണമാണ്. ചീമേനി കുന്ന് സമൃദ്ധമായ ഒരു ജലസംഭരണി കൂടിയാണ്. താപനിലയം സ്ഥാപിതമാകുന്നതോടെ അതിനാവശ്യമായ ജലം ഊറ്റിയെടുത്താല്‍ കേരളത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ കായലായ കവ്വായി കായല്‍ ഇല്ലാതാവും.

സമുദ്രനിരപ്പില്‍ നിന്ന് നൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചീമേനിയിലെ പദ്ധതി പ്രദേശത്ത് നിന്ന് പശ്ചിമഘട്ട മലനിരകളിലേക്കുള്ള ദൂരം 12 കിലോമീറ്റര്‍ മാത്രമാണ്. ചീമേനിയുടെ താപനില ഇപ്പോള്‍ തന്നെ 33 ഡിഗ്രി സെല്‍ഷ്യസാണ് താപനിലയം സ്ഥാപിക്കുന്നതിലൂടെ അത് 37 ഡിഗ്രി സെല്‍ഷ്യാകുമെന്ന് നടത്തിപ്പുകാര്‍ പറയുന്നു. പുകക്കുഴലിലൂടെ പുറത്തുവിടുന്ന ചൂട് 107 ഡിഗ്രി സെല്‍ഷ്യസാണ്. മരുഭൂമികളുടെ താപം പോലും 45-50 ഡിഗ്രി സെല്‍ഷ്യാസണത്രെ എന്നിരിക്കെ താപനിലയം സ്ഥാപിക്കുന്നതോടെ ചീമേനിയുടെയും പരിസര പ്രദേശങ്ങളുടെയും അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

400 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള മൂന്ന് യൂനിറ്റുകള്‍ സ്ഥാപിക്കാനാണത്രെ ഉദ്ദേശിക്കുന്നത്. മൊത്തം 1200 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റുകളാണ് ചീമേനിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതത്രെ. ഇതിനായി സര്‍ക്കാര്‍ അനുമതിയോടെ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും വൈദ്യുതി വകുപ്പും ചേര്‍ന്ന് പ്രത്യേകോദ്ദേശ്യ പദ്ധതി(Special Purpose Vehicle)നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി ഒരു സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

ജലശീതീകരണത്തിനായി മൂന്ന് ടവറുകളാണ് പദ്ധതിയുടെ കരട് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനായി ഒരുദിവസം ആവശ്യമായി വരുന്ന ശുദ്ധജലം 3480 ക്യൂബിക് മീറ്ററാണ്. ഇതിന് പുറമെ വെറ്റ് കണ്ടന്‍സറിനുള്ള കടല്‍വെള്ളം പ്രതിദിനം 97920ക്യൂബിക് മീറ്റര്‍ ആവശ്യമായി വരുമത്രെ. ഈ നിലയില്‍ ജലം ഊറ്റിയാല്‍ തികച്ചും കാര്‍ഷിക പ്രധാനമായ കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ഭൂഗര്‍ഭ ജലവും നീരൊഴുക്കും ചീമേനി ചെങ്കല്‍കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന പുഴകളും വറ്റി വരളുകയും പ്രദേശം മരുഭൂമിക്ക് സമാനമായി തീരുകയും ചെയ്യും

അതേസമയം ഓരോ ദിവസവും 490 ക്യൂബിക് മീറ്റര്‍ മലിനജമാണ് പ്ലാന്റ് ഉല്‍പാദിപ്പിച്ച് പുറന്തള്ളുക. ഇങ്ങനെ പുറന്തള്ളുന്ന മലിനജലവും പകക്കുഴലിലൂടെ പുറത്തുവിടുന്ന നൈട്രജന്‍ ഓക്‌സൈഡും ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക ആഘാതവും ആരോഗ്യപ്രശ്‌നങ്ങളും പ്രൊജക്ട് തയ്യാറാക്കിയവര്‍ കണക്കിലെടുത്തതായി കാണുന്നില്ല.

കയ്യൂര്‍-ചീമേനി ഒരു ജലസമൃദ്ധമായ ഹരിത ഗ്രാമമാണെന്നും കൃഷിയും കാര്‍ഷികവൃത്തിയാണ് ഇവിടത്തെ പ്രധാന സാമ്പത്തിക സ്രോതസ്സെന്നും അറിയുമ്പോഴാണ് ഇതിലടങ്ങിയ ക്രൂരതയുടെ ആഴം മനസ്സിലാവുക. ഹൈദരബാദിലെ ഏജന്‍സി നടത്തിയ പരിസ്ഥിതി പഠനത്തില്‍ ചീമേനിയില്‍ കൃഷി ചെയ്യുന്നത് ഉള്ളിയും വെളു ത്തുള്ളിയും മല്ലിയും പെരുംജീരകവുമാണത്രെ. എന്നാല്‍ തെങ്ങും കവുങ്ങും കുരുമുളകും നെല്ലും പച്ചക്കറികളും വാഴയും റബ്ബറും സമൃദ്ധമായി വിളയുന്ന പ്രദേശമാണ് കയ്യൂര്‍-ചീമേനി പഞ്ചായത്ത്.

ഒരുകാലത്ത് ഇതെല്ലാം അടക്കിവാണവര്‍ ക്കെതിരെ പൊരുതി മുന്നേറുകയും രക്തസാക്ഷികളെ സൃഷ്ടിക്കുകയും അങ്ങനെ ലോകഭൂപടത്തില്‍ നിണശോഭ ചാര്‍ത്തുകയും ചെയ്ത ഒരു പ്രദേശം കൂടിയാണ് കയ്യൂര്‍-ചീമേനിപഞ്ചായത്ത്. ഹൈദരബാദിലെ ശീതീകരണ മുറിയില്‍ ഇരുന്ന് കൂലിക്ക് വേണ്ടി പേനയുന്തുന്ന “ഗവേഷണ പ്രമാണിമാര്‍ക്കും “വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കോടികള്‍ കമ്മീഷന്‍ പറ്റുന്ന പുതിയ കാലത്തെ രാഷ്ട്രീയ കമ്മീസാറന്മാര്‍ക്കും ഇതൊന്നും അറിയണമെന്നില്ല.

ഒരുകാലത്ത് ഇതെല്ലാം അടക്കിവാണവര്‍ക്കെതിരെ പൊരുതി മുന്നേറുകയും രക്തസാക്ഷികളെ സൃഷ്ടിക്കുകയും അങ്ങനെ ലോകഭൂപടത്തില്‍ നിണശോഭ ചാര്‍ത്തുകയും ചെയ്ത ഒരു പ്രദേശം കൂടിയാണ് കയ്യൂര്‍-ചീമേനിപഞ്ചായത്ത്. ഹൈദരബാദിലെ ശീതീകരണ മുറിയില്‍ ഇരുന്ന് കൂലിക്ക് വേണ്ടി പേനയുന്തുന്ന “ഗവേഷണ പ്രമാണിമാര്‍ക്കും “വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കോടികള്‍ കമ്മീഷന്‍ പറ്റുന്ന പുതിയ കാലത്തെ രാഷ്ട്രീയ കമ്മീസാറന്മാര്‍ക്കും ഇതൊന്നും അറിയണമെന്നില്ല. അവര്‍ക്ക് ചരിത്രം ഒരു പാഠമല്ല, മറിച്ച് വര്‍ത്തമാനത്തെ സമ്പന്നമാക്കാനുള്ള ഇന്ധനം മാത്രമാണ്.

5.11 ദശലക്ഷം സ്റ്റാന്റേര്‍ഡ് ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകം ഒരോ ദിവസവും ആവശ്യമായി വരുന്നതാണ് ചീമേനിയിലെ താപവൈദ്യുതിനിലയം. ഉറവ വറ്റിക്കൊണ്ടിരിക്കുന്ന പ്രകൃതി വാതകത്തെ ആസ്പദമാക്കി സ്ഥാപിക്കുന്ന താപനിലയം എത്രകാലം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയും എന്ന കാര്യം പോലും വന്‍കിടക്കാര്‍ക്ക് വേണ്ടി ഏജന്‍സി പണിയെടുക്കുന്ന ഭരണകൂട വക്താക്കളും അവരുടെ ശിപായിമാരും ഓര്‍ക്കുന്നില്ല.

പ്രത്യാഘാതങ്ങള്‍ ഭീകരം

എന്നാല്‍ ഇതേകുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി പരിശോധിക്കാന്‍ തയ്യാറാവുകയും ചെയ്ത ശാസ്ത്രകാരന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാത ത്തെകുറിച്ച് മനസ്സിലാക്കുകയും ജനങ്ങളെ ബോധവാന്മാരാക്കാന്‍ മുന്നോട്ടുവരികയും ചെയ്യുകയുണ്ടായി. അങ്ങനെയാണ് താപവൈദ്യുത നിലയ വിരുദ്ധസമിതിയും കയ്യൂര്‍-ചീമേനി സംരക്ഷണ സമിതിയും നിലവില്‍ വന്നത്. ഈ സമിതികളുടെ നേതൃത്വത്തില്‍ നിരവധി കണ്‍വെന്‍ഷനുകളും സെമിനാറുകളും കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നടക്കുകയുണ്ടായി.

നിരവധി തവണ കയ്യൂര്‍-ചീമേനിയിലും കാസര്‍കോട് കലക്‌ട്രേറ്റിന് സമീപവും ഈ സമിതികളുടെ നേതൃത്വത്തില്‍ ഉപവാസ സമരങ്ങളും പ്രചരണ ജാഥകളും സംഘടിപ്പിക്കുകയുണ്ടായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയടക്കം പങ്കെടുപ്പിച്ചുകൊണ്ട് താപനിലയം വന്നാലുണ്ടാകുന്ന വിപത്തിനെകുറിച്ച് ബോധവല്‍കരിക്കാന്‍ വീടുകളില്‍ ചെന്ന് ലഘുലേഖകള്‍ വിതരണം ചെയ്യുകയുണ്ടായി. ചില പ്രദേശങ്ങളില്‍ എതിര്‍പ്പുകളുണ്ടായെങ്കിലും പൊതുവെ സമിതി പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ പ്രതികരണങ്ങളാണ് ജനങ്ങളില്‍ നിന്ന് ഉണ്ടായത്.

വിപ്ലവകാരികളുടെ ഒളിയുദ്ധം

പദ്ധതി പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കുന്നവരെയും മറ്റ് ജനങ്ങളെയും നേരില്‍കണ്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ സമിതിയുടെ പ്രവര്‍ത്തകന്മാര്‍ മുന്നിട്ട് ഇറങ്ങിയപ്പോള്‍ ചീമേനിയിലെ അത്തൂട്ടി കോളനി, വെളിച്ചം തോട് പ്രദേശങ്ങളില്‍ “വിപ്ലവകാരി”കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലര്‍ വളഞ്ഞുവെച്ച് അക്രമിക്കാന്‍ ശ്രമിച്ച സംഭവ ങ്ങളുമുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് താപനിലയത്തിനെതിരായ പ്രവര്‍ത്തനത്തില്‍ നിരന്തരം പങ്കെടുക്കാനും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമായി ജനങ്ങളില്‍ താപനിലയത്തിനെതിരായ അവബോധം ജനിപ്പിക്കാനും ഒരു പരിധിവരെ കഴിഞ്ഞിരുന്നു.

ഈയടുത്ത കാലത്തായി ചീമേനി പഞ്ചായത്തില്‍ താപനിലയം സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള പൊതുജന അഭിപ്രായമറിയുന്നതിന് വേണ്ടി കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗ ത്തില്‍ മഹാഭൂരിപക്ഷം പേരും പ്രകൃതിവാതക താപനിലയം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുകയായിരുന്നു. ഈ വസ്തുത കലക്ടറെ ബോധ്യപ്പെടുത്തിയെങ്കിലും കലക്ടര്‍ നിസ്സഹായത പ്രകടിപ്പിച്ച അനുഭവമാണ് താപവൈദ്യുതനിലയ വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായത്.

7-2-2009ലെ ജിയോ (എംഎസ്. നമ്പര്‍19/2009)11-2-2011ലെ ജിയോ നമ്പര്‍ (36/2011)എന്നീ വ്യവസായ വകുപ്പിന്റെ ഉത്തരവ് പ്രകാരം നിര്‍ദ്ദിഷ്ട പദ്ധതിക്കാവശ്യമായ സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുന്നതിന് കാസര്‍കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ 850 ഏക്കര്‍ അടക്കം 2400 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ 200 ഏക്കര്‍ ഭൂമിയാണത്രെ താപനിലയത്തിന് ആവശ്യം. ബാക്കിവരുന്ന ഭൂമി എന്ത് ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ഭൂമാഫിയകള്‍ക്കും ബഹുരാഷ്ട്രകുത്തകള്‍ക്കും മുറിച്ചുവില്‍ക്കുകയും അണിയറയില്‍ പറഞ്ഞുകേള്‍ക്കുന്ന പെട്രോ കെമിക്കല്‍ വ്യവസായത്തിന് വേണ്ടി മാറ്റിവെക്കുകയോ ആണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

4756.37 കോടി രൂപയാണ് പദ്ധതിക്ക് മൊത്തം ചെലവ് കണക്കാക്കുന്നത്. ഇതിന്റെ മൂന്ന് ശതമാനം മാത്രമാണ് പരിസ്ഥിതി സംരക്ഷണ പദ്ധതിക്കുവേണ്ടി നീക്കിവെച്ചിരിക്കുന്നത്.

ജനങ്ങള്‍ക്കാവശ്യമില്ലാത്ത, ജനങ്ങളെയും പ്രകൃതിയേയും രോഗാതുരമാക്കുന്ന വിനാശകരമായ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും മുതിരുന്നതെങ്കില്‍ കയ്യൂരില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സമരത്തെയും രക്തസാക്ഷിത്വത്തേയും കരുത്താക്കി ജനങ്ങള്‍ക്ക് പുതിയ സമരമുഖം തുറക്കേണ്ടി വരികതന്നെ ചെയ്യും. പ്രത്യക്ഷത്തിലല്ലെങ്കിലും ജനങ്ങളുടെ മനസ്സില്‍ ഇതിനെതിരെ അമര്‍ന്ന് കത്തുന്ന തീപ്പൊരിയുണ്ട്.

കടപ്പാട്: സമകാലിക മലയാളം വാരിക