എഡിറ്റര്‍
എഡിറ്റര്‍
‘അച്ഛന്റെ ചിത്രമുള്ള ടീഷര്‍ട്ട് മുതലാളിത്തത്തിന്റെ കച്ചവട തന്ത്രം’; മനസു തുറന്ന് ചെ ഗുവേരയുടെ മകള്‍
എഡിറ്റര്‍
Friday 6th October 2017 11:04am

ന്യൂദ്ല്‍ഹി: ചെ ഗുവേരയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് മുതലാളിത്തത്തിന്റെ കച്ചവട തന്ത്രമാണെന്ന് മകള്‍ ഡോ.അലീഡ ഗുവേര മാര്‍ച്ച്. ബീയര്‍ കുപ്പികളിലും സിഗരറ്റ് പാക്കറ്റുകളിലും അദ്ദേഹത്തിന്റെ ചിത്രം വരുന്നതിനെതിരെ പ്രതിഷേധമറിയിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ദ വീക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അലീഡ മനസു തുറന്നത്.

അതേസമയം, വാണിജ്യവത്കരിക്കാനുള്ള ശ്രമമാണെങ്കിലും യുവാക്കള്‍ക്ക് വിപ്ലവത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ ഇത് സഹായിച്ചെന്നും അലീഡ പറയുന്നു. വേറിട്ടൊരു സമൂഹത്തിനായി പുതിയ മനുഷ്യനെ സൃഷ്ടിക്കുകയെന്ന ആശയമാണ് ചെ ഗുവേരയുടെ ഏറ്റവും വലിയ സംഭാവനയെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

‘മനുഷ്യരെ സ്‌നേഹിച്ചതു കൊണ്ടാണ് പിതാവ് മഹാനായ കമ്മ്യൂണിസ്റ്റുകാരനായത്. പോരാട്ടങ്ങളുടെ തിരക്കിനിടയിലും കുടുംബത്തിനായി അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. വിരളമായെങ്കിലും വീട്ടില്‍ വരുമായിരുന്നുവെന്നും വരുമ്പോള്‍ ഉറങ്ങി കിടക്കുകയാണെങ്കിലും വാരിയെടുത്ത് മുത്തം നല്‍കുമായിരുന്ന അച്ഛന്‍, പാതി മയക്കത്തില്‍ നോക്കുമ്പോള്‍ ഇരുട്ടില്‍ തെളിയുന്ന അച്ഛന്റെ ചിരിമുഖം കണ്ട് ആദ്യമൊന്നു ഞെട്ടും.’ അലീഡ പറയുന്നു.

ഒളിപ്പോരാട്ടവും വിപ്ലവ പ്രവര്‍ത്തനവുമായി ചെ അകലെയായിരിക്കുമ്പോള്‍ സ്‌നേഹിതരായ ഫിഡല്‍ കാസ്‌ട്രോയും റാമിറോ വാല്‍ഡെസുമായിരുന്നു സഹായവുമായി എത്തിയിരുന്നതെന്നും അലീഡ ഓര്‍ത്തെടുക്കുന്നുണ്ട്.


Also Read:  ‘ധാര്‍മ്മികതയുടെ പേരിലെടുത്ത തീരുമാനമാണ്; അതിന്റെ പേരില്‍ മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കണ്ട’; പിന്തുണയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വീഡിയോ


പാര്‍ട്ടിയിലെ സോവിയേറ്റ്, ചൈനാ അനുകൂലികളുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് ബോളീവിയയിലെ വിപ്ലവം പരാജയപ്പെട്ടതെന്ന അഭിപ്രായത്തോട് അലീഡ യോജിക്കുന്നില്ല. അവയെല്ലാം അപ്രധാനമായ കാര്യങ്ങളായിരുന്നുവെന്നും ഗറില്ലാ യുദ്ധത്തില്‍ ജനപങ്കാളിത്തം കുറഞ്ഞതാണ് വിപ്ലവം പരാജയപ്പെടാന്‍ കാരണമെന്നും അലീഡ പറയുന്നു.

ക്യൂബ-അമേരിക്ക ബന്ധത്തിലെ കല്ലുകടി ആരോഗ്യ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നു പറഞ്ഞ അലീഡ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവേക ശൂന്യമായ നടപടികള്‍ മനുഷ്യരാശിയ്ക്കു തന്നെ ഭീഷണിയാണെന്നും അഭിപ്രായപ്പെടുന്നു.

1997 ല്‍ ഇന്ത്യയിലെത്തിയപ്പോള്‍ കോഴിക്കോടും ഹൈദരാബാദും കൊല്‍ക്കത്തയും സന്ദര്‍ശിച്ചിരുന്നു. കോഴിക്കോട് വന്നപ്പോള്‍ ആനപ്പുറത്തു കയറിയത് ഇന്നും അലീഡയ്ക്ക് മറക്കാനായിട്ടില്ല. മേശയും അതിന് മുകളില്‍ സ്റ്റൂളും വച്ച് ആനപ്പുറത്ത് കയറിയത് മറക്കാനാവാത്ത അനുഭവമാണ്. പണിപ്പെട്ട് ആനസവാരി നടത്തി നിലത്തിറങ്ങിയതു മുതല്‍ ഭയങ്കര കാലുവേദനയായിരുന്നുവെന്നും നടക്കാന്‍ നന്നായി ബുദ്ധിമുട്ടിയെന്നും അവര്‍ ഓര്‍ത്തെടുക്കുന്നു.

Advertisement