സ്വന്തം ഇഷ്ടപ്രകാരമാണ് ആഗ്രയിലേക്ക് പോയതെന്നും കന്യാസ്ത്രീകള്‍ക്കൊപ്പം പോകാന്‍ മാതാപിതാക്കളുടെ സമ്മതം ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പ്രതികരിച്ചു. ദുർഗിൽ വെച്ച് ബജ്രംഗ് നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ജ്യോതി ശര്‍മ എന്ന സ്ത്രീ അസംഭ്യം പറഞ്ഞയതായും പെണ്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. നാരായണ്‍പൂരില്‍ നിന്നുള്ള പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി കന്യാസ്ത്രീകള്‍ നാടുകടത്താന്‍ ശ്രമിക്കുകയാണെന്ന് സ്ഥലത്തുണ്ടായിരുന്ന ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് ആരോപിച്ചത്.
പിന്നാലെയാണ് കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് ശിശുക്ഷേമ കേന്ദ്രത്തിലായിരുന്ന പെണ്‍കുട്ടികള്‍ ഇന്നലെ (ബുധന്‍) ആണ് വീട്ടിലെത്തിയത്. തുടര്‍ന്ന് നല്‍കിയ അഭിമുഖങ്ങളിലാണ് പെണ്‍കുട്ടികളില്‍ ഒരാള്‍ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങള്‍ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ മതം മാറ്റേണ്ടതിന്റെ ആവശ്യകതയില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും പൊലീസ് എഴുതിയെടുക്കാന്‍ തയ്യാറായില്ലെന്നും ഇതിനിടെയാണ് ജ്യോതി ശര്‍മ മര്‍ദിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. പൊലീസ് സ്വന്തം ഇഷ്ടപ്രകാരം എഴുതി ചേര്‍ത്ത വിവരങ്ങളാണ് എഫ്.ഐ.ആറില്‍ ഉള്ളതെന്നും പെണ്‍കുട്ടി പറയുന്നു.