മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവ രണ്ടും ഛത്തീസ്ഗഡില്‍ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ്.
ഛത്തീസ്ഗഡിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 1968ലെ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവര്‍ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ്. ജൂലൈ 26 (ശനിയാഴ്ച)നാണ് ഇവര്‍ അറസ്റ്റിലായത്. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്.
സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായെത്തിയ 19 മുതല്‍ 22 വയസള്ള പെണ്‍കുട്ടികളായിരുന്നു കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്നത്. പെണ്‍കുട്ടികളിലൊരാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു.
ടി.ടി.ആര്‍ തടഞ്ഞുവെച്ചതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ അറസ്റ്റിലായത്. ഇതിനിടെ ടി.ടി.ആര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ചത്. പിന്നാലെ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജയിലില്‍ തുടരുന്ന കന്യാസ്ത്രീകളെ യു.ഡി.എഫ് അംഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ലോക്‌സഭാ എം.പിമാരായ ബെന്നി ബെഹ്നാന്‍, പ്രേമചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെത്തിയത്. മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് അടങ്ങുന്ന ഇടത് സംഘവും ഛത്തീസ്ഗഡിലേക്ക് തിരിച്ചിട്ടുണ്ട്.
Content Highlight: Bail plea of Malayali nuns arrested in Chhattisgarh rejected