റായ്പൂര്‍: ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്കെതിരെ വീണ്ടും അതിക്രമം. ഞായറാഴ്ച പ്രാര്‍ത്ഥനാ കൂട്ടായ്മക്കെത്തിയവരെ ബജ്‌രംഗ്ദള്‍ മര്‍ദിച്ചതായാണ് വിവരം. തലസ്ഥാന നഗരിയായ റായ്പൂരിലാണ് സംഭവം.
ജയ്ശ്രീറാം മുദ്രാവാക്യങ്ങളോട് കൂടിയാണ് ബജ്‌രംഗ് പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന നടക്കുന്ന പ്രദേശത്തേക്ക് എത്തിയത്. പെന്തക്കോസ്ത് സഭയിലെ പാസ്റ്ററുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥന കൂട്ടായ്മയാണ് ബജ്‌രംഗ്ദള്‍ തടസപ്പെടുത്തിയത്.
ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് പാസ്റ്റര്‍ പറയുന്നത്. ബജ്‌രംഗ്ദളിന്റെ അതിക്രമത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും പാസ്റ്റര്‍ അറിയിച്ചു. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം.
ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവര്‍ത്തനം ആരോപിച്ച് രംഗത്തെത്തിയത്. പിന്നീട് ബജ്‌രംഗ് പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍ കോടതിയും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ എന്‍.ഐ.എ കോടതിയെ സമീപിച്ച കന്യാസ്ത്രീകള്‍ക്ക് ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
കന്യാസ്ത്രീകള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം. ഈ സംഭവത്തിന് ശേഷം ഒഡീഷയിലും സമാനമായി മലയാളി കന്യാസ്ത്രീകളും വൈദികരും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണിക്കിരയായിരുന്നു.
70 അംഗ സംഘം ചേര്‍ന്ന് കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിക്കുകയായിരുന്നു. ഓഗസ്റ്റ് ആറിന് ഒമ്പത് മണിയോടെ ജലേശ്വരം ഗംഗാധരര്‍ ഗ്രാമത്തില്‍ വെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.
ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ വൈദികരായ ഫാദര്‍ നരിപ്പേല്‍, ജോജോ എന്നിവര്‍ക്ക് ഗുരുതമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ ഇരുവരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു ക്രിസ്ത്യന്‍ മതവിശ്വാസിയുടെ രണ്ടാമത്തെ ചരമവാര്‍ഷികത്തിനായാണ് ഗംഗാധരര്‍ ഗ്രാമത്തിലെത്തിയതെന്നാണ് വൈദികര്‍ പറയുന്നത്.
വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം മടങ്ങിപ്പോകുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ദേഷ്യപ്പെടുകയും ബി.ജെ.ഡി അല്ല ബി.ജെ.പിയാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയതായും വൈദികര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Bajrang Dal violence again in Chhattisgarh; Pastor reportedly beaten up