പ്രേതങ്ങള്‍ അലഞ്ഞുനടക്കുന്ന റോസ് ഐലന്റ്...ഒരുദിനം ചെലവിടാന്‍ ധൈര്യമുണ്ടോ?
Travel Info
പ്രേതങ്ങള്‍ അലഞ്ഞുനടക്കുന്ന റോസ് ഐലന്റ്...ഒരുദിനം ചെലവിടാന്‍ ധൈര്യമുണ്ടോ?
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 6:47 pm
ഇന്ത്യയുടെ ഈ പ്രേതബാധയുള്ള ദ്വീപിനെ എന്തിനാണ് ഒരു ദിവസത്തേക്ക് വിട്ടുതരാന്‍ ജപ്പാന്‍ ആവശ്യപ്പെടുന്നത്...

ഇന്ത്യയില്‍ പ്രേതബാധ ഉണ്ടെന്ന് പരക്കെ അറിയപ്പെടുന്ന സ്ഥലമാണ് റോസ് ഐലന്റ്. ആന്റമാന്‍ നിക്കോബാര്‍ ദ്വീപില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടമാണ് ഇത്.

ജപ്പാന്‍ സര്‍ക്കാര്‍ ഇന്ത്യയോട് നിരന്തരം റോസ് ഐലന്റ് ഒരു ദിവസത്തേയ്ക്ക് വിട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. ഒരു ദിവസത്തിന് ശേഷം സ്ഥലം തിരിച്ചേല്‍പ്പിക്കുകയും ഒപ്പം വലിയ പാരിതോഷികം നല്‍കുകയും ചെയ്യും എന്നതാണ് ജപ്പാന്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. എന്നാല്‍ എന്താണ് ജപ്പാന്റെ ഉദ്ദേശമെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് പേടിപ്പിക്കുന്ന, പ്രേതബാധയുള്ള ഒരിടമാണ് റോസ് ഐലന്റ്.

 

ആന്റമാന്‍ വാട്ടര്‍ സ്പോട്സ് കോംപ്ലക്സില്‍ നിന്നും ഇവിടേയ്ക്ക് ബോട്ടുകള്‍ ലഭ്യമാണ്. ബുധനാഴ്ച ഇവിടെ നിന്നും ബോട്ട് സര്‍വ്വീസുകളില്ല. ചിലദിവസങ്ങളില്‍ കാറ്റിന് ശക്തി കൂടതലുണ്ടാകുന്ന ഘട്ടത്തില്‍ യാത്രാനുമതി നല്‍കാറില്ല. രാവിലെ 8.30 മുതല്‍ ബോട്ട് സര്‍വ്വീസ് ആരംഭിക്കും. ഒരാള്‍ക്ക് 100 രൂപയാണ് നിരക്ക്. 2 കിലോമീറ്ററില്‍ താഴെയാണ് ഐലന്റിലേയ്ക്ക് ബോട്ടില്‍ യാത്ര ചെയ്യേണ്ടത്. ഏതു ജലനിരപ്പിലും മുങ്ങാത്ത ഫൈബര്‍ കൊണ്ട് ഉണ്ടാക്കിയ ഫ്ളോട്ടിംഗ് ജെട്ടി സംവിധാനമാണ് ഇവിടെയുള്ളത്.

572 ദ്വീപുകളാണ് ആന്റമാന്‍ നിക്കോബാറില്‍ ആകെ ഉള്ളത്. ഇതില്‍ 32 എണ്ണത്തില്‍ മാത്രമേ ജനവാസമുള്ളൂ.

ഉച്ചയ്ക്ക് 2 മണിവരെ റോസ് ഐലന്റിന്‍ സമയം ചെലവഴിയ്ക്കാം. 20 രൂപയുടെ ടിക്കറ്റ് എടുക്കണം. ആദ്യത്തെ കാഴ്ച തന്നെ ഒരു ജാപ്പനീസ് ബങ്കറാണ്. ഈ ദ്വീപ് ജപ്പാന്റെ കൈവശമുണ്ടായിരുന്ന സമയത്ത് പണികഴിപ്പിച്ചതാണ് ഇവിടുത്തെ ബങ്കറുകള്‍.

മുന്നോട്ട് പോയാല്‍ ബ്രിട്ടീഷുകാരുടെ സ്റ്റോറുകള്‍ അടക്കമുള്ള ചില നിര്‍മ്മിതികള്‍ കാണാം. തകര്‍ന്നു കിടക്കുന്ന വീടുകളും മറ്റ് കെട്ടിടങ്ങളുമാണ് ഇവിടെ കാണാനുള്ളത്.

 

ബ്രിട്ടീഷുകാര്‍ പണ്ട് ഉപയോഗിച്ചിരുന്ന പ്രിന്റിംഗ് പ്രസ്സാണ് ഇതില്‍ വളരെ പ്രധാനപ്പെട്ടത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച ഇതിന്റെ ചുമരുകളില്‍ വലിയ ആല്‍മരം പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന വലിയ കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുക.

ബ്രിട്ടീഷുകാരുടെ കാലത്ത് തടവുകാരെ ഉപയോഗിച്ച് വലിയ കെട്ടിടങ്ങളും മാര്‍ക്കറ്റുകളും സെക്രട്ടറിയേറ്റും ഓഫീസുകളും തുടങ്ങി ഒരു സമൂഹത്തിന് ആവശ്യമായതെല്ലാം ഇവിടെ പണികഴിപ്പിച്ചിരുന്നു. അതിന്റെയെല്ലാം അവശിഷ്ടങ്ങള്‍ വളരെ വ്യക്തമായി ഇവിടെ കാണാന്‍ സാധിക്കും. കടലാക്രമണങ്ങള്‍ ബാധിക്കാത്ത ഇടംകൂടിയാണ് റോസ് ദ്വീപ്.

വെള്ളം ശുദ്ധീകരിക്കാനായി ബ്രട്ടീഷുകാര്‍ ഇവിടെ ജലശുദ്ധീകരണശാലകള്‍ തന്നെ നിര്‍മ്മിക്കുകയുണ്ടായി. സബോര്‍ഡിനേറ്റ്സ് ക്ലബ്ബാണ് മറ്റൊരു വിശേഷം. വലിയ ആഡംബരപൂര്‍ണ്ണമായ ജീവിതമാണ് വെള്ളക്കാര്‍ ഇവിടെ നയിച്ചിരുന്നത്. വലിയൊരു പള്ളിയും ഇതിന് തൊട്ടടുത്തായി നിലനിന്നിരുന്നു. പണ്ട് മലേറിയ ബാധിച്ചു മരിച്ച കുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം ചെയ്തിരുന്ന സെമിത്തേരിയാണ് അടുത്ത കാഴ്ച.

 

1941 ലെ വലിയ ഭൂകമ്പത്തിലാണ് ഈ പ്രദേശം നശിച്ചു പോയത്.നിരവധി ജീവജാലങ്ങള്‍ ഇന്ന് റോസ് ഐലന്റില്‍ സൈ്വര്യവിഹാരം നടത്തുന്നുണ്ട്. മാനുകളും, മുയലും, മയിലും, അണ്ണാനുകളും എല്ലാം ഇതില്‍ പെടുന്നു.കടലില്‍ നിന്നും 20 മീറ്റര്‍ മാത്രം അകലെയായി നിലനില്‍ക്കുന്ന കിണറാണ് മറ്റൊരു അത്ഭുതം. ഉപ്പുരസമില്ലാത്ത നല്ല വെള്ളമാണ് ഈ കിണറില്‍ നിന്നും ലഭിക്കുക.

ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ബ്രിട്ടീഷുകാര്‍ ഐലന്റില്‍ നിന്നും പിന്മാറിയപ്പോഴാണ് ജപ്പാന്‍ ഇവിടം പിടിച്ചടക്കുന്നത്. വിലപിടിപ്പുള്ള നിധികള്‍ അവര്‍ ഇവിടെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് വിശ്വാസം. അതിനു വേണ്ടിയാണ് അവര്‍ ഒരു ദിവസത്തേയ്ക്ക് ഈ സ്ഥലം ആവശ്യപ്പെടുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മനുഷ്യന്റെ ഏറ്റവും സമ്പന്നമായതും അതിസങ്കീര്‍ണ്ണമായതുമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇടമാണ് റോസ് ഐലന്റ്. തകര്‍ന്നടിഞ്ഞ് കിടക്കുന്ന ഇവിടുത്തെ കെട്ടിടങ്ങള്‍ക്ക് നിരവധി ജീവിതങ്ങള്‍ പറഞ്ഞു തരാനുണ്ട്. ഒട്ടേറെ ആത്മാക്കള്‍ അലഞ്ഞു നടന്ന് തകര്‍ച്ചയുടെ കാഠിന്യം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്ന ഇടമാണ് റോസ് ഐലന്റ്.