ഡയലോഗ് കറക്ട് ആയി പറഞ്ഞാൽ ചോക്ലേറ്റ് തരാമെന്ന് ലാൽ സാർ പറഞ്ഞു; ആദ്യമായി സ്റ്റിൽ ഫോട്ടോഗ്രാഫ് എടുത്തു തന്നതും അദ്ദേഹം തന്നെ: ചാർമിള
Malayalam Cinema
ഡയലോഗ് കറക്ട് ആയി പറഞ്ഞാൽ ചോക്ലേറ്റ് തരാമെന്ന് ലാൽ സാർ പറഞ്ഞു; ആദ്യമായി സ്റ്റിൽ ഫോട്ടോഗ്രാഫ് എടുത്തു തന്നതും അദ്ദേഹം തന്നെ: ചാർമിള
നന്ദന എം.സി
Friday, 6th February 2026, 5:00 pm

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ചാർമിള. ‘ചീര പൂവുകൾക്കുമ്മ കൊടുക്കണ’ എന്ന ഗാനം മതി മലയാളികൾക്ക് ഇന്നും ചാർമിളയെ ഓർക്കാൻ. കേളി, കാബൂളിവാല, അങ്കിൾ ബൺ, തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലെ തങ്കം എന്ന കഥാപാത്രമാണ് മലയാളികളുടെ മനസിൽ എന്നും നിലനിൽക്കുന്നത്.

ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റവും ധനം എന്ന ചിത്രത്തിലൂടെയായിരുന്നു. ഇപ്പോഴിതാ, ആ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങളെയും സൂപ്പർതാരം മോഹൻലാലിനെക്കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സില്ലി മോങ്ക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറഞ്ഞത്.

ധനം , Photo: IMDb

‘തമിഴ്നാട്ടിലെ രജിനി സാറിനെയും കമൽസാറിനെയും പോലെ വലിയ സൂപ്പർസ്റ്റാർ ആണ് മോഹൻലാൽ എന്ന് എല്ലാവരും പറഞ്ഞിരുന്നു. എന്നാൽ മോഹൻലാൽ സാർ അതിലും സിമ്പിളായ വ്യക്തിയാണ്. കമൽ സാറിനെയും രജിനി സാറിനെയും കുറച്ച് ജാടയിൽ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ മോഹൻലാൽ സാറിനെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല,’ ചാർമിള പറഞ്ഞു.

ഷൂട്ടിങ്ങിനിടെ ഡയലോഗ് കൃത്യമായി പറഞ്ഞാൽ ചോക്ലേറ്റ് തരാമെന്ന് മോഹൻലാൽ പറഞ്ഞത് തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും താരം ഓർമ്മിക്കുന്നു. ഒരു വലിയ ഡയലോഗുള്ള സീനിന്റെ സ്ക്രിപ്റ്റ് രാവിലെയാണ് ലഭിച്ചതെന്നും അതുകണ്ട് താൻ കരയാൻ വരെ പോയെന്നും ചാർമിള പറയുന്നു. എത്ര സമയം വേണമെന്ന് ചോദിച്ചപ്പോൾ പത്ത് മിനിറ്റ് മതിയെന്ന് പറഞ്ഞതോടെ, മോഹൻലാൽ സാർ പുറത്തേക്ക് നടക്കാൻ പോയി സമയം നൽകി. പിന്നീട് എങ്ങനെയോ ഡയലോഗ് പറഞ്ഞുവെന്നും, ആ സമയത്ത് നെടുമുടിസാർ വലിയ സഹായം ചെയ്തുവെന്നും താരം കൂട്ടിച്ചേർത്തു.

കാബൂളിവാല, Photo: IMDb

തന്റെ അച്ഛന് സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നുവെന്നും, ഫോട്ടോ എടുക്കാൻ പോലും സമ്മതിക്കാറില്ലായിരുന്നുവെന്നും ചാർമിള പറയുന്നു. ആ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് മോഹൻലാൽ സാർ തന്നെ അച്ഛനോട് സംസാരിച്ചതായും താരം പറഞ്ഞു.

ഒരു ദിവസം ലൊക്കേഷനിൽ വെച്ച് ‘എന്റെ അഭിനയം കൊള്ളാമോ?’ എന്ന് ചോദിച്ചപ്പോൾ ‘ഗുഡ് ആക്ട്രസ്’ എന്ന് മോഹൻലാൽ പറഞ്ഞത് ഇന്നും വലിയ സന്തോഷമായി ഓർക്കുന്നുണ്ടെന്ന് താരം പറയുന്നു. തുടർന്ന് മുറിയിൽ നിന്ന് ചില വസ്ത്രങ്ങൾ കൊണ്ടുവരാൻ പറഞ്ഞ്, ക്യാമറ എടുത്ത് സ്വയം അദ്ദേഹം തന്നെ തന്റെ ആദ്യ സ്റ്റിൽ ഫോട്ടോകൾ എടുത്തു തന്നെന്നും ചാർമിള ഓർത്തുപറയുന്നു.

Content Highlight: Charmila talk about Mohanlal

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.