ചാര്‍ലി കിര്‍ക്ക് കൊലപാതക കേസ് ; ആദ്യമായി കോടതിയില്‍ നേരിട്ട് ഹാജരായി കുറ്റവാളി
World
ചാര്‍ലി കിര്‍ക്ക് കൊലപാതക കേസ് ; ആദ്യമായി കോടതിയില്‍ നേരിട്ട് ഹാജരായി കുറ്റവാളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th December 2025, 4:10 pm

വാഷിങ്ടണ്‍ : ചാര്‍ലി കിര്‍ക്ക് കൊലപാതക കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന യൂട്ടാ സ്വദേശി 22 വയസുകാരനായ റോബിന്‍സണിനെ കോടതിയില്‍ ഹാജരാക്കി പൊലീസ്.  ആദ്യമായിട്ടാണ് ഇദ്ദേഹത്തെ നേരിട്ട് കോടതിയില്‍ എത്തിക്കുന്നത്

കൈത്തണ്ടയിലും കാലുകളിലും വിലങ്ങുകളണിഞ്ഞ് ഷര്‍ട്ടും സ്‌ളാകും ടൈയും ധരിച്ചാണ് റോബിന്‍സണ്‍ കോടതിയിലെത്തിയത്.
പ്രതി മുമ്പ് ജയിലില്‍ നിന്നും വീഡിയോ കോളിലൂടെയും ഓഡിയോ കോളിലൂടെയും കോടതിയില്‍ ഹാജരായിരുന്നു

പ്രതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുപോകരുതെന്നും കോടതി മുറിയില്‍ ക്യാമറകള്‍ നിരോധിക്കണമെന്നും റോബിന്‍സണിന്റെ അഭിഭാഷകര്‍ ജഡ്ജി ടോണി ഗ്രാഫിനോട് ആവശ്യപ്പെട്ടിരുന്നു

അമിതമായ മാധ്യമ ശ്രദ്ധ ന്യായമായ വിചാരണയെ ബാധിക്കുമെന്നായിരുന്നു അഭിഭാഷകരുടെ വാദം. മാത്രമല്ല ഇത് കുറ്റാരോപിതന്റെ അവകാശത്തെ ഹനിക്കുമെന്നും അഭിഭാഷകര്‍ വാദിച്ചു.

അമേരിക്കന്‍ വലതുപക്ഷ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ഭാവി മുഖം എന്ന് വിശേഷിപ്പിക്കപ്പെട്ട, ഭാവി അമേരിക്കന്‍ പ്രസിഡന്റ് എന്നുപോലും വിലയിരുത്തപ്പെട്ട വ്യക്തിയായിരുന്നു യൂട്ടാ സര്‍വകലാശാലയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്ക്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനായ അനുയായി എന്ന നിലയിലും യുവജനസംഘടനയായ ടേണിങ് പോയിന്റ് യു.എസ്എയുടെ സ്ഥാപകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു ചാര്‍ലി കിര്‍ക്ക്
കുടിയേറ്റം,അബോര്‍ഷന്‍ റൈറ്റ്സ് എന്നിവയെ ശക്തമായി വിമര്‍ശിച്ച വ്യക്തികൂടിയായിരുന്നു കിര്‍ക്ക്.

യൂട്ടാവാലി സര്‍വ്വകലാശാലയില്‍ വെച്ചായിരുന്നു ചാര്‍ലി കിര്‍ക്ക് വെടിയേറ്റു മരിച്ചത്.

കേസ് അസാധാരണമായ പൊതുജന ശ്രദ്ധ നേടിയിട്ടുണ്ടെന്നും വിചാരണയ്ക്ക് മുമ്പ് റോബിന്‍സണിന്റെ നിരപരാധിത്വം തെളിയിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും കോടതി അറിയിച്ചിരുന്നു.

ഒക്ടോബര്‍ 24 ന് നടത്തിയ ക്രോസ്സ് ഹിയറിങ്ങില്‍ പ്രതിയുടെ വസ്്ത്രധാരണത്തെകുറിച്ചും അതുമായി ബന്ധപ്പെട്ട വിലക്കുകളെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. റോബിന്‍സണിന്റെ ഫോട്ടോയെടുക്കുന്നതില്‍ നിന്നും കോടതി മാധ്യമങ്ങളെ വിലക്കുകയും ചെയ്തിരുന്നു.പ്രതിയുടെ ജയിലിലെ വസ്ത്ര ധാരണവും ചങ്ങലയില്‍ കെട്ടിയിരിക്കുന്നതുമായ ചിത്രങ്ങള്‍ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്ന അഭിഭാഷകരുടെ വാദത്തെ തുടര്‍ന്നായിരുന്നു ഇത്.

യൂട്ടാ ഹിയറിങില്‍ മാധ്യമ സാനിധ്യം ഇതിനോടകം പരിമിതമാണ്. എന്നാല്‍ കിര്‍ക്കിന്റെ വിധവയായ എറിക്ക കിര്‍ക്ക് ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കോടതി മുറിയില്‍ ക്യാമറകള്‍ തങ്ങള്‍ അര്‍ഹിക്കുന്നുവെന്നതായിരുന്നു അവരുടെ പ്രതികരണം.

Content Highlight :  Charlie Kirk murder case: Convict appears in court for the first time