എഡിറ്റര്‍
എഡിറ്റര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ക്വട്ടേഷന്‍ നല്‍കിയത് 1.5 കോടിരൂപയ്ക്ക്
എഡിറ്റര്‍
Wednesday 22nd November 2017 9:55pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചു. കൂട്ടബലാത്സംഗം ഉള്‍പ്പടെ 11 കുറ്റങ്ങള്‍ ചുമത്തി ദിലീപിനെ 8ാം പ്രതിയാക്കിയാണ് കേസെടുത്തത്. 650 പേജുള്ള കുറ്റപത്രത്തില്‍ ആകെ 12 പ്രതികളാണ് ഉള്ളത്. രണ്ടുപേരെ മാപ്പുസാക്ഷിയാക്കി. ജയിലില്‍ നിന്നും സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ ലാലും ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ അനീഷുമാണ് മാപ്പു സാക്ഷികള്‍.

കേസില്‍ 355 സാക്ഷികളുണ്ട്. മഞ്ജു വാര്യരാണ് പ്രധാന സാക്ഷികളിലൊരാള്‍.

സുനി, വിജീഷ്, മണികണ്ഠന്‍, സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികള്‍ക്കുമേല്‍ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതല്‍ 12 വരെ പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.

ദിലീപിന് കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അതിക്രമത്തിന് ഇരയായ നടി മഞ്ജു വാരിയര്‍ക്കു നല്‍കിയതാണ് വൈരാഗ്യത്തിനു കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. നടിയെ മാനഭംഗപ്പെടുത്തി വിഡിയോ പകര്‍ത്താനുള്ള ക്വട്ടേഷന്‍ 1.5 കോടി രൂപയ്ക്കാണ് സുനിക്കു നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നടിയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ദിലീപ് ശ്രമിച്ചുവെന്നും അവസരം നല്‍കിയവരോട് ദിലീപ് നീരസം പ്രകടിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

നടി വിവാഹിതയാകുന്നതിന് മുന്‍പ് കൃത്യം നടത്തണം. നടി സിനിമാരംഗം വിടും മുന്‍പാകണം. വിവാഹനിശ്ചയ മോതിരം വീഡിയോയില്‍ കാണണമന്ന് ആവശ്യപ്പെട്ടു. നടിയുടെ മുഖം ദൃശ്യങ്ങളില്‍ പതിയണമെന്നും ആവശ്യപ്പെട്ടെന്നും കുറ്റപത്രം പറയുന്നുണ്ട്.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പ്രതികള്‍ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയതെന്ന് കുറ്റപത്രത്തിലുണ്ട്. കീഴടങ്ങുന്നതിന് മുമ്പായിരുന്നു ഇത്. പ്രതീഷ് ചാക്കോ ഫോണ്‍ അഡ്വ. രാജു ജോസഫിന് നല്‍കി. രാജു ജോസഫ് ഫോണ്‍ നാലര മാസത്തോളം കൈവശം സൂക്ഷിച്ചു. പിന്നീട് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രം പറയുന്നു.

പ്രതികള്‍ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യില്‍ പോയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. അവിടെ വെച്ചും കാവ്യയുടെ വീട്ടിലെത്തിയും ഇവര്‍ ദിലിപീനെ അന്വേഷിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.

2015 നവംബര്‍ രണ്ടിന് സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നല്‍കിയെന്നും നവംബര്‍ ഒന്നിന് അഡ്വാന്‍സായി 10,000 രൂപയും നല്‍കിയിരുന്നെന്നും കുറ്റപത്രം പറയുന്നു.

Advertisement