മധുവിന് മേലെ നായകനാവുന്ന ലത്തീഫ്; വില്ലന്‍ സങ്കല്‍പങ്ങളില്‍ മാറ്റവുമായി കാപ്പ
Film News
മധുവിന് മേലെ നായകനാവുന്ന ലത്തീഫ്; വില്ലന്‍ സങ്കല്‍പങ്ങളില്‍ മാറ്റവുമായി കാപ്പ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd December 2022, 9:57 pm

പൃഥ്വിരാജിനെ നായികനാക്കി ഷൈജി കൈലാസ് സംവിധാനം ചെയ്ത കാപ്പ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിലുള്ള ഗുണ്ടാസംഘങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്.

Spoiler Alert

കാലങ്ങളായി ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയും പ്രതികാരവും തിരുവനന്തപുരം നഗരത്തെ അശാന്തമാക്കുകയാണ്. കൊട്ട മധുവിനാണ് ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ അപ്രമാദിത്വം. മുന്‍നിര രാഷ്ട്രീയ പാര്‍ട്ടിക്കാരുമായും പൊലീസ്, അധികാര കേന്ദ്രങ്ങളുമായും അദ്ദേഹത്തിന് നിര്‍ണായകമായ ബന്ധമുണ്ട്.

കൊട്ട മധുവിന്റെ എതിരാളികളാണ് ബിനു ഗ്യാങ്. ഈ ഗ്യാങ്ങിനെ പറ്റി തുടക്കത്തില്‍ ഒരു വ്യക്തതയില്ലെങ്കിലും ലത്തീഫ് എന്ന മാധ്യമപ്രവര്‍ത്തകന്‍ അതിലെ നിര്‍ണായക കണ്ണിയാണ്. മധുവിനോട് ഒടുങ്ങാത്ത പകയാണ് അയാള്‍ക്ക് ഉള്ളത്.

കാപ്പയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ലത്തീഫ് എന്ന് പറയാം. ഒരുപക്ഷേ ലത്തീഫിന്റെ ഭാഗത്ത് നിന്നും ചിന്തിച്ചാല്‍ അയാളല്ലേ നായകനെന്ന് പോലും തോന്നാം.

മലയാള സിനിമയില്‍ നായകന് കീഴ്‌പ്പെടുന്ന പതിവ് സങ്കല്‍പങ്ങളും കാപ്പ തിരുത്തിയിട്ടുണ്ട്. നായകനെതിരായ ചതിയിലും ലത്തീഫ് ന്യായം കണ്ടെത്തുന്നുണ്ട്. ലത്തീഫ് പ്രേക്ഷക മനസില്‍ തങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ നട്ടെല്ലായിരിക്കുന്നത് ദിലീഷ് പോത്തന്റെ പ്രകടനമാണ്. സിനിമയുടെ തുടക്കം മുതലുള്ള നിസംഗ ഭാവത്തിലും അയാളുടെ കണ്ണില്‍ എരിയുന്നത് പകയാണ്.

മറ്റ് കഥാപാത്രങ്ങളിലെന്ന പോലെ ലത്തീഫിനും ഒരു തുടക്കമില്ല എന്ന വിമര്‍ശനങ്ങളുണ്ടായിരുന്നു. മധുവും ഇയാളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കമെന്താണ് എന്ന് പറയുന്നില്ല. സെന്തില്‍ അവതരിപ്പിച്ച കഥാപാത്രം ഇടക്ക് വരുന്നുണ്ടെങ്കിലും അയാളും ജബ്ബാറും തമ്മിലുള്ള പ്രശ്‌നത്തിന്റെയും ഉറവിടമില്ല. കഥാപാത്രത്തിന് ബാക്കപ്പ് തരുന്ന ഇത്തരം പ്ലോട്ടുകളില്ലാഞ്ഞിട്ടും തന്റെ പ്രകടനം കൊണ്ട് ദിലീഷ് ലത്തീഫിനെ മികച്ചതാക്കുന്നുണ്ട്.

Content Highlight: characterstics of latheef by dileesh pothen in kaapa