മൊബൈല്‍ പൂജവെക്കുന്ന അച്യുതന്‍ നമ്പൂതിരിയും, വഴിയില്‍ ഇറങ്ങി നടക്കുന്ന പരമശിവനും; ഇത് രതീഷ് സിനിമകളിലെ കാഴ്ച
Entertainment news
മൊബൈല്‍ പൂജവെക്കുന്ന അച്യുതന്‍ നമ്പൂതിരിയും, വഴിയില്‍ ഇറങ്ങി നടക്കുന്ന പരമശിവനും; ഇത് രതീഷ് സിനിമകളിലെ കാഴ്ച
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th April 2023, 6:18 pm

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥ എഴുതി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത സിനിമയാണ് മദനോത്സവം. ഇ. സന്തോഷ് കുമാറിന്റെ തങ്കച്ചന്‍ മഞ്ഞക്കാരന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് രതീഷ് സിനിമ ചെയ്തിരിക്കുന്നത്. രണ്ട് മദനന്മാരിലൂടെ കഥ പറയുന്ന ചിത്രം ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ എന്ന നിലയില്‍ മികവ് പുലര്‍ത്തുന്നു. മദനന്‍ മഞ്ഞക്കാരനെന്ന രാഷ്ട്രീയ നേതാവും, അയാളുടെ അപര സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മദനന്‍ മല്ലക്കരയുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

രണ്ട് മദനന്മാരുടെ ഒപ്പം തന്നെ മികവ് പുലര്‍ത്തുന്ന പ്രകടനമാണ് ചിത്രത്തില്‍ രണ്ട് നമ്പൂതിരിമാരായി എത്തുന്ന കഥാപാത്രങ്ങളുടേതും. അച്യുതന്‍ നമ്പൂതിരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാജേഷ് മാധവനാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സിനിമകളിലെ ഒരു അഭിഭാജ്യഘടകമായി മാറിയിരിക്കുകയാണ് രാജേഷിപ്പോള്‍. എന്നാല്‍ അദ്ദേഹത്തിന്റെ സ്വാഭാവിക അഭിനയ മികവ് ഈ ആവര്‍ത്തന വിരസതയെ മറികടക്കുന്നുണ്ട്.

പ്രാരാബ്ധങ്ങള്‍ കാരണം ക്വട്ടേഷന്‍ തൊഴിലായി തെരഞ്ഞെടുക്കേണ്ടി വന്ന നമ്പൂതിരി യുവാവാണ് അദ്ദേഹം. ചിത്രത്തില്‍ അവരുടെ ഇല്ലത്തിന്റെ ഭാഗങ്ങളൊക്കെ കാണിക്കുന്നത് വളരെ രസകരമാണ്. മൊബൈല്‍ ഫോണ്‍ പൂജവെക്കുന്ന നമ്പൂതിരിമാര്‍ തിയേറ്ററില്‍ വലിയ ചിരിക്കാണ് തിരികൊളുത്തിയത്. കണ്ണ് തുറക്കാതെ ഫോണ്‍ നോക്കിയാല്‍ മതിയെന്ന പറച്ചിലൊക്കെ ഇന്നും നിലനില്‍ക്കുന്ന പല സങ്കല്‍പ്പങ്ങള്‍ക്കെതിരെയും ഉയരുന്ന ചോദ്യമാണ്.

ഇത്തരത്തിലൊരു രംഗം രതീഷ് സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലുമുണ്ട്. ചിത്രത്തില്‍ ശിവന്റെ വേഷത്തില്‍ നില്‍ക്കുന്ന രാജേഷ് തെരുവിലൂടെ നടക്കുന്ന കാഴ്ച അത്രയേറെ രാഷ്ട്രീയപരമാണെന്ന് പറയാന്‍ സാധിക്കും. ഇതിനെ പറ്റി ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ദൈവങ്ങളും തെരുവിലേക്കിറങ്ങി വരട്ടെ എന്നാണ് രാജേഷ് നല്‍കിയ മറുപടി.

തനിക്ക് കിട്ടുന്ന ഏത് കഥാപാത്രത്തെയും അനായാസത്തോടെ അവതരിപ്പിക്കുന്ന രാജേഷ് ഇവിടേക്ക് വരുമ്പോള്‍ പതിവ് രീതിയില്‍ നിന്നും കുറച്ചൊക്കെ മാറ്റങ്ങള്‍ക്ക് വിധേയനാകുന്നുണ്ട്. ആ മാറ്റം അച്ചുതന്‍ നമ്പൂതിരിയെ കൂടുതല്‍ മികവുറ്റതാക്കുന്നു.

content highlight: character of rajesh madhav in madanolsavam movie