മലയാളത്തിന്റെ ഫയര്‍ബ്രാന്‍ഡ്‌സ് ഒന്നിക്കുന്നു; ഇനി സംഭവം തീ പാറും
Film News
മലയാളത്തിന്റെ ഫയര്‍ബ്രാന്‍ഡ്‌സ് ഒന്നിക്കുന്നു; ഇനി സംഭവം തീ പാറും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th February 2022, 11:07 am

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഫയര്‍ബ്രാന്‍ഡ് ഡയലോഗുകളുടെ സ്രഷ്ടാക്കള്‍ ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. മലയാളത്തിന്റെ സ്വന്തം രഞ്ജിത്തും രണ്‍ജി പണിക്കറുമാണ് ഒരുമിച്ച് സിനിമയില്‍ എത്തുന്നത്.

അനൂപ് മേനോനെ നായകനാക്കി ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണ എഴുതി, സംവിധാനം ചെയ്യുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിലാണ് ഇരുവരുമെത്തുന്നത്.

ഇരുവരുടെയും ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ തരംഗമാവുന്നത്. മാസ് എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും എന്ന തരത്തില്‍ മരണമാസായാണ് ഇരുവരും സിനിമയിലെത്തുക എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

ജോണ്‍ സാമുവല്‍ എന്ന കഥാപാത്രത്തിനെയാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്. ഡോക്ടര്‍ അലക്സ് കോശിയായിട്ടാണ് രണ്‍ജി പണിക്കര്‍ ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്ററാണ് ഇനി പുറത്തിറങ്ങാനുള്ളത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരുന്നു. സീറ്റ് എഡ്ജ് (Seat Edge) ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് സ്ഥിര-പരിചിതമല്ലാത്ത പുതിയൊരു ഘടനയാണ് കഥ പറയാനായി സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്.

അനൂപ് മേനോന് പുറമേ ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രം കൂടിയാണിത്. വിനായക് ശശികുമാറാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ജിത്തു ദാമോദര്‍, അപ്പു എന്‍. ഭട്ടതിരി എന്നിവര്‍ ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.

വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Content highlight: Character motion poster of Renjith and Renji Panicker