2026 ടി-20 ലോകകപ്പില്‍ രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. നാളെ (ഫെബ്രുവരി 12) നമീബിയക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയമാണ് വേദി.
മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ വമ്പന്‍ അപ്‌ഡേറ്റുകളാണ് വന്നിട്ടുള്ളത്. നമീബിയക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ദല്‍ഹിയിലേക്ക് യാത്ര ചെയ്യില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. വയറിന് അസ്വസ്ഥത വന്നതോടെ ടീം മാനേജ്‌മെന്റ് താരത്തിന് വിശ്രമം അനുവദിച്ചേക്കും.
യു.എസ്.എയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലും വയറിന് വേദന അനുഭവപ്പെട്ടതോടെ അഭിഷക് ഫീല്‍ഡിങ്ങില്‍ നിന്ന് മാറി നിന്നിരുന്നു. അഭിഷേകിന്റെ വിടവില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാകും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് സ്ലോട്ടിലെത്തുന്നത്. ആദ്യ മത്സരത്തില്‍ അഭിഷേകിന് പകരം ഫീല്‍ഡ് ചെയ്തതും സഞ്ജുവായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനില്‍ സഞ്ജു മണിക്കൂറുകളോളം ബാറ്റ് ചെയ്തതും ഒരു ശുഭ സൂചനയാണ്. അഭിഷേക് ദല്‍ഹിക്ക് യാത്ര ചെയ്തില്ലെങ്കില്‍ സഞ്ജു തന്നെ ഇഷാന്‍ കിഷനൊപ്പം കളത്തിലിറങ്ങുമെന്നാണ് ക്രിക്കറ്റ് അനലിസ്റ്റുകളും നിരീക്ഷിക്കുന്നത്.
മാത്രമല്ല പരിക്കേറ്റ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ടീമിനൊപ്പം ചേരുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. കഴിഞ്ഞ ദിവസമാണ് താരം ടീമിനൊപ്പം ചേര്‍ന്നത്. ഓള്‍റൗണ്ടര്‍ രണ്ടാം മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു.
അതേസമയം പേസര്‍ മുഹമ്മദ് സിറാജ് ടീമില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുംറയും വാഷിങ്ടണ്‍ സുന്ദറും ടീമിലില്ലാത്തതിനാല്‍ സിറാജിന് അവസരം ലഭിച്ചിരുന്നു. യു.എസ്.എയ്‌ക്കെതിരെ മിന്നും പ്രകടനം പുറത്തെടുത്ത സിറാജ് മൂന്ന് വിക്കറ്റാണ് നേടിയത്. ബുംറ തിരിച്ചെത്തിയെങ്കിലും പന്തെടുക്കുമോ എന്ന് വ്യക്തമല്ല. വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി താരം ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു.