ഓസ്‌കര്‍ വാങ്ങണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു, അവള്‍ മാത്രമാണ് എന്നെ സപ്പോര്‍ട്ട് ചെയ്തത്: ചന്തു സലിംകുമാര്‍
Malayalam Cinema
ഓസ്‌കര്‍ വാങ്ങണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു, അവള്‍ മാത്രമാണ് എന്നെ സപ്പോര്‍ട്ട് ചെയ്തത്: ചന്തു സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th September 2025, 9:49 pm

ലൗ ഇന്‍ സിംഗപ്പൂരില്‍ സലിംകുമാറിന്റെ ചെറുപ്പമവതരിപ്പിച്ച് സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് ചന്തു സലിംകുമാര്‍. പിന്നീട് ഫഹദ് നായകനായ മാലിക്കിലും സലിംകുമാറിന്റെ ചെറുപ്പകാലം ചെയ്തത് ചന്തുവായിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സ് ചന്തുവിന്റെ കരിയറില്‍ വഴിത്തിരിവായി മാറി.

തിയേറ്ററുകളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുന്ന ലോകഃയിലും മികച്ച പ്രകടനമാണ് ചന്തു സലിംകുമാര്‍ കാഴ്ചവെച്ചത്. സിനിമയിലേക്ക് വരാന്‍ ചെറുപ്പം മുതല്‍ ആഗ്രഹമുണ്ടായിരുന്നെന്ന് പറയുകയാണ് ചന്തു സലിംകുമാര്‍. എന്നാല്‍ നിറത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടെന്നും ഇപ്പോള്‍ വരുന്ന ട്രോളുകളില്‍ താന്‍ തളരാറില്ലെന്നും താരം പറയുന്നു.

‘എന്താണ് ആഗ്രഹമെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പറയാറുള്ളത് ഓസ്‌കര്‍ വാങ്ങണമെന്നായിരുന്നു. അന്ന് അതിന്റെ പ്രൊസീജിയറൊന്നും അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇംഗ്ലീഷ് ലിറ്ററേച്ചറെടുത്തത്. ഇംഗ്ലീഷിലെ ക്ലാസിക്കുകളെക്കുറിച്ച് അറിയാന്‍ വേണ്ടിയായിരുന്നു. കോളേജില്‍ വെച്ച് എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു.

ഓസ്‌കര്‍ വാങ്ങാനാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. പക്ഷേ, അവള്‍ എന്നെ സപ്പോര്‍ട്ട് ചെയ്ത് നിന്നു. ‘എന്നെങ്കിലും നടക്കും’ എന്ന് പറഞ്ഞ് നമ്മളെ മോട്ടിവേറ്റ് ചെയ്തു. അമ്മ കഴിഞ്ഞാല്‍ എന്നെ ഏറ്റവും സപ്പോര്‍ട്ട് ചെയ്തത് അവളാണ്. പ്രേമിക്കുന്നയാള്‍ നമ്മുടെ കണ്ണില്‍ എപ്പോഴും അടിപൊളിയാണല്ലോ, ആ ഒരു ലൈനായിരുന്നു,’ ചന്തു പറഞ്ഞു.

ചെറുപ്പത്തില്‍ താന്‍ വലിയ സിനി ബഫ് അല്ലായിരുന്നെന്നും താരം പറയുന്നു. മമ്മൂട്ടിയുടെ സിനിമകളായിരുന്നു കൂടുതലും കണ്ടിരുന്നതെന്നും താന്‍ വലിയൊരു മമ്മൂട്ടി ഫാനാണെന്നും ചന്തു കൂട്ടിച്ചേര്‍ത്തു. അനിയന്‍ മോഹന്‍ലാല്‍ ഫാനാണെന്നും തങ്ങള്‍ തമ്മില്‍ ഫാന്‍ ഫൈറ്റ് നടക്കാറുണ്ടായിരുന്നെന്നും ചന്തു പറഞ്ഞു.

‘മോഹന്‍ലാലും മമ്മൂട്ടിയും മാത്രമാണ് സിനിമയെന്ന് കരുതിയിരുന്നപ്പോഴായിരുന്നു അച്ഛന്റെ സുഹൃത്തുക്കളിലൊരാളായ സാജന്റെ എന്‍ട്രി. പുള്ളിയും അച്ഛനും തമ്മില്‍ സംസാരിക്കുന്നത് കേട്ട് ഞാനും സാജന്‍ ചേട്ടനോട് കമ്പനിയായി. പുള്ളി എന്നോട് വിദേശ സിനിമകളെക്കുറിച്ച് സംസാരിച്ചു. ‘ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍ കണ്ടിട്ടുണ്ടോ’ എന്ന് ചോദിച്ചു. ആ സിനിമ കണ്ടതിന് ശേഷമാണ് ഞാന്‍ സിനിമയെ സീരിയസായി കണ്ടുതുടങ്ങിയത്,’ ചന്തു സലിംകുമാര്‍ പറയുന്നു.

Content Highlight: Chandu Salimkumar about the support he got from his girlfriend