മഞ്ഞുമ്മല്‍ ബോയ്‌സിന്റ ക്ലൈമാക്‌സ് പ്രശ്‌നമാണെന്ന് പറഞ്ഞ് അയാളെന്നെ പേടിപ്പിച്ചു; മൂന്ന് ദിവസം ഞാന്‍ ഉറങ്ങിയില്ല; ചന്തു സലിംകുമാര്‍
Malayalam Cinema
മഞ്ഞുമ്മല്‍ ബോയ്‌സിന്റ ക്ലൈമാക്‌സ് പ്രശ്‌നമാണെന്ന് പറഞ്ഞ് അയാളെന്നെ പേടിപ്പിച്ചു; മൂന്ന് ദിവസം ഞാന്‍ ഉറങ്ങിയില്ല; ചന്തു സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th August 2025, 5:10 pm

 

മമ്മൂട്ടി നായകനായ ലൗ ഇന്‍ സിംഗപ്പൂരില്‍ സലിംകുമാറിന്റെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് തന്റെ കരിയര്‍ ആരംഭിച്ച നടനാണ് ചന്തു സലിംകുമാര്‍. പിന്നീട് നടികര്‍, പൈങ്കിളി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മഞ്ഞുമ്മല്‍ ബോയ്‌സിലെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലെ അഭിലാഷ് എന്ന കഥാപാത്രം ചന്തുവിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറി. ഇന്ന് റിലീസായ ലോക എന്ന ചിത്രത്തിലും ചന്തു ഒരു പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്.

ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റിലീസിന് മുമ്പ് താന്‍ ഉറങ്ങയിട്ടില്ലെന്ന് ചന്തു സലീം കുമാര്‍ പറയുന്നു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസിന്റെ മൂന്ന് ദിവസം മുമ്പ് ഞാന്‍ ഉറങ്ങിയിട്ടില്ല. ആ മൂന്ന് ദിവസവും ശരിക്കു എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. സിനിമയുടെ അസോസിയേറ്റ് ഉണ്ട്, പുള്ളി എന്നെ സിനിമയുടെ കാര്യം പറഞ്ഞ് പേടിപ്പിച്ചു. ക്ലൈമാക്‌സൊക്കെ ഭയങ്കര പ്രശ്‌നമാണെന്ന് പുള്ളി എന്നോട് വെറുതേ തമാശക്കാണ് പറഞ്ഞത്. പുള്ളിക്ക് അങ്ങനെ പറയുന്നത് ഒരു എന്റര്‍ടെയ്ന്‍മെന്റായിരുന്നു.

ഭാവിയില്‍ ഇതിലും വിലയ പ്രശ്‌നം വരും ഇതൊക്കെ ലൈറ്റായിട്ട് എടുക്കണം എന്നൊക്കെ പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ കൂടെയാണ് റിലീസിന് മുമ്പ് താമസിച്ചത്. മൂന്ന് ദിവസം പേടിച്ചിട്ട് ഞാന്‍ ഉറങ്ങിയേ ഇല്ല. ഭയങ്കര പ്രശ്‌നമായിരുന്നു. ക്ലൈമാക്‌സ് തിയേറ്ററില്‍ കണ്ടപ്പോള്‍ കുഴപ്പം ഒന്നും ഇല്ലായിരുന്നു,’ചന്തു സലിംകുമാര്‍ പറയുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ്

ചിദംബരം രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പറവ ഫിലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സിനിമയില്‍ ഗണപതി, സൗബിന്‍ ഷാഹിര്‍, ശ്രീനാറ് ഭാസി, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ സിനിമ അന്യഭാഷയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Chandu Salim says he didn’t sleep before the release of Manjummal Boys and talks  about the film assistant