ചെറുകുടലിന്റെ നീളം സംബന്ധിച്ച പരമാര്‍ശം നാക്കുപിഴയെന്ന് ചാണ്ടി ഉമ്മന്‍
Kerala News
ചെറുകുടലിന്റെ നീളം സംബന്ധിച്ച പരമാര്‍ശം നാക്കുപിഴയെന്ന് ചാണ്ടി ഉമ്മന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th September 2023, 6:19 pm

കോഴിക്കോട്: പിതാവ് ഉമ്മന്‍ ചാണ്ടിയുടെ ചെറുകുടലിന്റെ നീളം സംബന്ധിച്ച് താന്‍ നടത്തിയ പരാമര്‍ശം നാക്കുപിഴയായിരുന്നു എന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. മുഖ്യമന്ത്രി കൂടി പങ്കെടുത്ത തിരുവനന്തപുരത്തെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ താന്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തി ഇന്നലെ നടത്തിയ പ്രസംഗം പോലെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിതാവ് മരിച്ച മാനസിക സംഘടര്‍ഷങ്ങള്‍ക്കിടയില്‍ നടത്തിയ പ്രസംഗമായിരുന്നു അതെന്നും അന്നത്തെ മാനസികാവസ്ഥ എല്ലാവര്‍ക്കും അറിയാമായിരുന്നല്ലോ എന്നും അദ്ദേഹം പറയുന്നു. എങ്ങനെയും ആക്ഷേപിക്കുക എന്ന തരംതാഴ്ന്ന തലത്തിലേക്ക് രാഷ്ട്രീയം മാറിയിരിക്കുന്നു എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസംഗം എങ്ങനെയാണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്ന് അറിയില്ലെന്നും ആ വീഡിയോ കണ്ടപ്പോള്‍ തനിക്കും ചിരിയാണ് വന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷത്തിലേറെയായി തന്റെ കുടുംബത്തെയും പിതാവിനെയും വേട്ടയാടുകയാണെന്നും ദേശാഭിമാനി നല്‍കിയ വാര്‍ത്തകളൊക്കെ തനിക്ക് ഓര്‍മയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോളാറില്‍ തന്റെ നിലപാടും പാര്‍ട്ടി നിലപാടും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട എന്നും പാര്‍ട്ടി നിലപാടാണ് അവസാനവാക്കെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സാധാരണ മനുഷ്യരുടെ ചെറുകുടലിന് ഒന്ന കിലോമീറ്റര്‍ ദൂരമുണ്ടാകുമെന്നും എന്നാല്‍ ഭക്ഷണം കഴിക്കാതെ തന്റെ പിതാവിന്റെ ചെറുകുടലിന്റെ നീളം 300 മീറ്ററായി ചുരുങ്ങിയിരുന്നു എന്നുമായിരുന്നു ചാണ്ടി ഉമ്മന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങള്‍. ഈ പരാമര്‍ശം വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിയൊരുക്കി. ചെറുകുടലിന്റെ നീളത്തെ പറ്റി വിദഗ്ധരടക്കം അഭിപ്രായങ്ങള്‍ പങ്കുവെച്ചതോടെയാണ് ചാണ്ടി ഉമ്മന്‍ ഇപ്പോള്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

content highlights: Chandi Oommen said that the reason for the length of the small intestine is the tongue