വി.സിയെ നിയമിക്കാന്‍ അധികാരം ചാന്‍സലര്‍ക്ക്; സുപ്രീം കോടതി നിയമിക്കുന്നത് ശരിയല്ല: ഗവര്‍ണര്‍
Kerala
വി.സിയെ നിയമിക്കാന്‍ അധികാരം ചാന്‍സലര്‍ക്ക്; സുപ്രീം കോടതി നിയമിക്കുന്നത് ശരിയല്ല: ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th December 2025, 2:55 pm

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലകളിലെ വി.സി നിയമനങ്ങളില്‍ സുപ്രീം കോടതി ഇടപെടുന്നതിനെതിരെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.

കെ.ടി.യു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വി.സിമാരെ സുപ്രീം കോടതി നിയമിക്കുമെന്ന വിധിക്കെതിരായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കോടതി വി.സിയെ തീരുമാനിക്കുന്നത് ശരിയല്ല. ചാന്‍സലര്‍ക്കാണ് അതിനുള്ള അധികാരം. യു.ജി.സി ചട്ടവും കണ്ണൂര്‍ വി.സി നിയമനക്കേസിലെ വിധിയും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

‘കേരളത്തില്‍ സര്‍വകലാശാലയിലെ വി.സി നിയമനമാണ് ചര്‍ച്ച. കണ്ണൂരിലെ ഉത്തരവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുക എന്നത് ചാന്‍സലറുടെ അധികാര പരിധിയില്‍ വരുന്നതാണ്,’ ഗവര്‍ണര്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പറഞ്ഞു.

സുപ്രീം കോടതി ചാന്‍സലറെന്ന നിലയില്‍ തന്റെ അധികാര പരിധിയില്‍ സുപ്രീം കോടതി അനാവശ്യമായി ഇടപെടുന്നെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം.

സര്‍ക്കാരും ഗവര്‍ണറും വി.സി നിയമന കാര്യത്തില്‍ സമവായത്തിലെത്താതിരുന്നതിനെ തുടര്‍ന്നാണ് സുപ്രീം കോടതി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചത്.

തുടര്‍ന്ന് നിയമിക്കപ്പെട്ട സുധാന്‍ശു ധൂലിയ ചെയര്‍മാനായ കമ്മിറ്റിയോട് വി.സി സ്ഥാനത്തേക്കുള്ള പേരുകള്‍ നിര്‍ദേശിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, കമ്മിറ്റി നിര്‍ദേശിച്ച പേരുകളെ ചൊല്ലിയും സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം തുടര്‍ന്നിരുന്നു.

ഇതോടെയാണ് സുപ്രീം കോടതി വി.സി സ്ഥാനത്തേക്കുള്ള പേരുകള്‍ സീല്‍ വെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചത്. ഒരു പേര് മാത്രം സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

അതേസമയം, വി.സി നിയമനം ഏറെ വൈകിച്ച ഗവര്‍ണര്‍, സ്വന്തം വീഴ്ച മറച്ചുവെച്ചാണ് സുപ്രീം കോടതിക്കെതിരെ പരാമര്‍ശം നടത്തിയിരിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.

പരസ്യമായി ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുന്നെന്ന അപൂര്‍വ്വതയും ഈ സംഭവത്തിനുണ്ട്.

വെള്ളിയാഴ്ചയായിരുന്നു വി.സിയുടെ നിയമനം സുപ്രീം കോടതി നടത്തുമെന്ന ജസ്റ്റിസ് ജെ.ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ചിന്റെ വിധി. അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ കോടതി നിര്‍ദേശം നടപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി പറഞ്ഞിരുന്നു.

ഈ കേസില്‍ സാധ്യമായതെല്ലാം ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയും ഗവര്‍ണറും വിഷയത്തില്‍ സമവായത്തിലെത്തിയില്ലെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു

സ്ഥിരം വി.സി നിയമന നടപടി സുധാന്‍ശു ധൂലിയ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പൂര്‍ത്തിയാക്കിയിരുന്നില്ലേയെന്നും ആ റിപ്പോര്‍ട്ട് എവിടെയെന്നും സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനിടെ ചോദിക്കുകയും ചെയ്തിരുന്നു.

Content Highlight: Chancellor has the power to appoint VC; Supreme Court’s appointment is not right: Governor