ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഇഞ്ചോടിഞ്ച് പോരാട്ടം
DSport
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഇഞ്ചോടിഞ്ച് പോരാട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th October 2012, 10:25 am

ജൊഹാനസ്ബര്‍ഗ്: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യില്‍ ഇന്ന് ജീവന്‍മരണ പോരാട്ടം. ചെന്നൈയും മുംബൈയുമാണ് സെമിയില്‍ എത്തിപ്പെടാനുള്ള അവസാനവട്ട ശ്രമത്തിന് ഇന്ന് ഒരുങ്ങിപ്പുറപ്പെടുന്നത്.

മുന്‍വര്‍ഷങ്ങളിലെ ഐ.പി.എല്‍, ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ചെന്നൈ ആദ്യ മത്സരത്തില്‍ സിഡ്‌നി സിക്‌സേഴ്‌സിനോട് 14 റണ്‍സിനും രണ്ടാം മത്സരത്തില്‍ ലയണ്‍സിനോട് ആറ് വിക്കറ്റിനും തോറ്റത് വലിയ തിരിച്ചടിയായിരുന്നു.[]

ഹര്‍ഭജന്റെ നേതൃത്വത്തിലുള്ള മുംബൈ ആദ്യമത്സരത്തില്‍ ലയണ്‍സിനോട് എട്ട് വിക്കറ്റിനു തോറ്റു. യോര്‍ക്ഷറിനെതിരായ രണ്ടാം മല്‍സരം മഴയില്‍ അപൂര്‍ണമാവുകയും ചെയ്തു.

വിന്‍ഡീസ് താരം ബ്രാവോയാണ് അവരുടെ ബാറ്റിങ് പ്രതീക്ഷ. ചെന്നൈക്ക് ഡ്യൂപ്ലെസിസും റെയ്‌നയും ഉള്‍പ്പെടെ ബാറ്റിങ് നിര ശക്തമാണെങ്കിലും അവസരത്തിനൊത്തുയരാന്‍ കഴിയുന്നില്ല. ആദ്യ മല്‍സരത്തില്‍ 185, രണ്ടാം മല്‍സരത്തില്‍ 159 എന്നിങ്ങനെ വഴങ്ങി ചെന്നൈ ബോളിങ് നിരയും പ്രതീക്ഷ തകര്‍ത്തു.

ഇനിയെന്തായാലും ഇന്നത്തെ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ചെന്നൈയും മുംബൈയും കാഴ്ചവെയ്ക്കുകയെന്ന് ഉറപ്പിക്കാം.