ലഖ്‌നൗ: രാമക്ഷേത്ര കൊള്ളയില്‍ വീണ്ടും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. മോഷണം സാധ്യമാക്കുന്നതിനായി സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ ആളുകളെ തന്നെ രാമക്ഷേത്ര ട്രസ്റ്റില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണെന്ന് അവിമുക്തേശ്വരാനന്ദ പറഞ്ഞു.
കേസ് അന്വേഷിക്കാന്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘം അവര്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളുടെ നിര്‍മാണവും നടത്തിപ്പും മതനേതാക്കളുടെ കയ്യിലായിരിക്കണമെന്നും പശുവിന് രാഷ്ട്ര മാതാവ് എന്ന പദവി നല്‍കാത്ത സര്‍ക്കാരുകള്‍ പൊതുജന പിന്തുണ അര്‍ഹിക്കുന്നില്ലെന്നും സ്വാമി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ പയാഗ്പൂരില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ കൊള്ള ഒരു അപകടമല്ല ആസൂത്രിതമായി നടത്തിയതാണ്. സര്‍ക്കാര്‍ തെരഞ്ഞെടുത്ത ആളുകളെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയത് അവര്‍ക്ക് ആവശ്യമുള്ളത് പോലെ ജോലിചെയ്യിക്കാനായിരുന്നു. മോഷണത്തിന് സൗകര്യമൊരുക്കാനാണ് അവരെ അവിടെ നിയോഗിച്ചതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ സ്വാമി പറഞ്ഞു.
ട്രസ്റ്റില്‍ നിന്നുള്ള ചമ്പത് റായ് രാജിവെച്ചത് വെറുമൊരു പ്രകടനത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. രാജിവെച്ചത് ആരും കണ്ടിട്ടില്ലെന്നും റായ് ക്ഷേത്ര പരിസരത്ത് നിന്ന് പ്രവര്‍ത്തനം തുടരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചു, സര്‍ക്കാര്‍ തന്നെയാണ് എസ്.ഐ.ടിയും രൂപീകരിച്ചത്. ആരെയാണ് ശിക്ഷിക്കുക? അവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുമെന്ന് വ്യക്തമാണ്,’ അവിമുക്തേശ്വരാനന്ദ പറഞ്ഞു.
ചമ്പത് റായിയുടെ ഒപ്പോട് കൂടി ഇപ്പോഴും പ്രവേശന പാസുകള്‍ നല്‍കുന്നുണ്ടെന്നും അത് മാധ്യമങ്ങള്‍ തന്നെ പുറത്ത് വിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദര്‍ശകര്‍ക്ക് ട്രസ്റ്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇനി പൊലീസാണ് തുടര്‍ നടപടികള്‍ എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശുവിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് തേടാറുണ്ടെങ്കിലും അധികാരത്തില്‍ വന്ന ശേഷം രാഷ്ട്ര മാതാവായി പ്രഖ്യാപിക്കാന്‍ യാതൊരുവിധ നടപടികളും നടക്കുന്നില്ലെന്നും അവിമുക്തേശ്വരാനന്ദ പറഞ്ഞു. പശുവിനെ രാഷ്ട്രമാതാവായി അംഗീകരിക്കാത്തവര്‍ത്ത് തങ്ങള്‍ വോട്ട് നല്‍കില്ലെന്നും അത്തരം സര്‍ക്കാരുകളെ വോട്ട് ചെയ്ത് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും സര്‍ക്കാരിനെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു. രാമക്ഷേത്ര ഭണ്ഡാര കൊള്ളയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Champat Rai’s resignation is a mere eyewash; how can a government-appointed SIT punish the very trust it belongs to? — Avimukteshwarananda Saraswati
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.