കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സംവാദത്തിനുള്ള വെല്ലുവിളിയില്‍ വിശദീകരവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് സംവാദത്തിനാണ് വി.ഡി. സതീശനെ ക്ഷണിച്ചതെന്ന് മുഖ്യന്ത്രി പറഞ്ഞു.
നേരിട്ടുള്ള സംവാദത്തിനല്ല ക്ഷണിച്ചത്. ഫേസ്ബുക്ക് സംവാദത്തിനാണ് താന്‍ അദ്ദേഹത്തെ ക്ഷണിച്ചത്. അത് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. തയ്യാറല്ലെന്ന് പറഞ്ഞിട്ടുമില്ല. ഫേസ്ബുക്ക് സംവാദം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തിനിടെ വി.ഡി. സതീശന്റെ വികസന വിഷയത്തിലെ സംവാദത്തിനുള്ള വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. സംവാദത്തിന് തയ്യാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്നും പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും വി.ഡി. സതീശനും തിരിച്ചടിച്ചിരുന്നു.
ബാക്കി ജനം തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും വി.ഡി. സതീശന്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു.
എസ്.ഡി.പി.ഐയുടെ പിന്തുണയെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. എസ്.ഡി.പി.ഐയുടെ പിന്തുണ ചോദിച്ചിട്ടില്ല. അത്തരത്തിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയ വിരുദ്ധനിലപാടാണ് എല്‍.ഡി.എഫിന്റേത്. എക്കാലത്തും അങ്ങനെ തന്നെയാണ്. ഒരു വര്‍ഗീയ ശക്തിയുമായും ഇടതുപക്ഷം ചേര്‍ന്നുനില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ ശബരിമലയിലെ സ്വര്‍ണപാളി മോഷണക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചു.
സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാരഡി ഗാനം ആലപിച്ച രാഹുല്‍ ഗാന്ധിക്ക് ജനങ്ങള്‍ തന്നെ മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.