തിരുവനന്തപുരം: കേരളം നെല്ലിന് നല്‍കുന്ന പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ പ്രതികരിച്ച് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്.
ഇന്ത്യയിലെ കര്‍ഷകരെ ശത്രുമനോഭാവത്തോടെ പരിഗണിക്കുന്ന സമീപനമാണ് എന്‍.ഡി.എ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. കൃഷിയിടങ്ങളില്‍ അന്നം വിളയിക്കേണ്ട കര്‍ഷകരെ കേന്ദ്രം തെരുവിലേക്ക് ഇറക്കിവിടുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ രാജ്യത്തെ നെല്‍കര്‍ഷകരേയും ഗോതമ്പുകര്‍ഷകരേയും ഇരുട്ടിലാക്കുന്ന പുതിയ തീരുമാനം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം തുനിയുകയാണെന്നും മന്ത്രി പി. പ്രസാദ് വിമര്‍ശിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
‘കേന്ദ്രധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി കേരളാ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്ത് പ്രകാരം, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗോതമ്പിന്റെയും നെല്ലിന്റെയും ഉയര്‍ന്ന ഉത്പാദനം മൂലം പൊതുവിതരണ സംവിധാനം (PDS) വഴി കൂടുതല്‍ ഗോതമ്പും അരിയും രാജ്യത്ത് സംഭരിക്കപ്പെടുന്ന അവസ്ഥയുണ്ടായെന്നും ഈ ഉത്പാദന വര്‍ധനവ് വര്‍ഷംതോറും വര്‍ധിച്ചുവരുന്നതോടെ പൊതുഖജനാവിനുള്ള ബാധ്യത വര്‍ധിക്കുന്നുവെന്നും അതിനാല്‍ കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ ചില സംസ്ഥാന സര്‍ക്കാരുകള്‍, എം.എസ്.പിയ്ക്ക് മുകളില്‍ നെല്ലിനും ഗോതമ്പിനും അധിക പ്രോത്സാഹന ബോണസ് നല്‍കുന്നത് ഈ ധാന്യങ്ങള്‍ കൂടുതല്‍ കൃഷി ചെയ്യുന്നതിനും ഉത്പാദന വര്‍ധനയ്ക്കും ഇടയാക്കുമെന്നുമാണ് വിലയിരുത്തിയിരിക്കുന്നത്,’ പി. പ്രസാദ് ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ ഉത്പാദനം വര്‍ധിക്കുന്നതിനെ ഒരു രാഷ്ട്രത്തിന്റെ ബാധ്യതയായി ചിത്രീകരിക്കുന്ന സമീപനം അത്യന്തം അപകടകരവും കര്‍ഷകവിരുദ്ധവുമാണെന്നും മന്ത്രി പ്രതികരിച്ചു. നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് നെല്ലിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ഇടപെടലായി മാത്രം ചുരുക്കിക്കാണുന്നത്, കേരളത്തെപ്പോലെ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു സംസ്ഥാനത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണമായി അവഗണിക്കുന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നെല്‍കൃഷി എന്നത് ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനവും കര്‍ഷകരുടെ ഉപജീവനവും മാത്രമല്ല. അത് ജലസംരക്ഷണത്തിന്റെയും പാരിസ്ഥിതിക സമതുലിതാവസ്ഥയുടെയും കാലാവസ്ഥാ പ്രതിരോധത്തിന്റെയും അവിഭാജ്യ ഘടകവുമാണ്. മാത്രമല്ല, കേരളത്തില്‍ ഇന്ന് നെല്ലിന്റെ ശരാശരി ഉത്പാദനക്ഷമത ഹെക്ടറിന് 4575 കിലോഗ്രാമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ഈ നേട്ടം കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞത് കര്‍ഷകരെ കേന്ദ്രബിന്ദുവാക്കി സര്‍ക്കാര്‍ സ്വീകരിച്ച നയപരമായ ഇടപെടലുകളിലൂടെയാണ്. വിത്ത് മുതല്‍ സംഭരണം വരെ, ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നിന്നുവെന്നും കൃഷിമന്ത്രി ചൂണ്ടിക്കാട്ടി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഉത്പാദനോപാധികള്‍ക്കായി മാത്രം 297.23 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. റീബില്‍ഡ് കേരള ഇന്‍ഷേറ്റീവ്, ആര്‍.ഐ.ഡി.എഫ് പദ്ധതികള്‍ എന്നിവ വഴി 666.61 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. നെല്‍കൃഷിക്കുള്ള സര്‍ക്കാര്‍ ചെലവ് ഒരു സാമ്പത്തിക ബാധ്യതയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കാര്‍ഷിക വില നിര്‍ണയ കമ്മീഷന്റെ (CACP) കണക്കുകള്‍ പ്രകാരം, കേരളത്തില്‍ നെല്ലിന്റെ ഉത്പാദനച്ചെലവ് കിലോഗ്രാമിന് 21.46 രൂപയാണ്. ഇതിന്റെ ഒന്നര ഇരട്ടി കണക്കാക്കിയാണ് എം.എസ്.പി നിശ്ചയിക്കേണ്ടത്. അതുകൊണ്ട് തന്നെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന് കുറഞ്ഞത് 32.19 രൂപ കിലോഗ്രാമിന് ലഭിക്കണം. ഈ സാഹചര്യത്തിലാണ് നെല്ലിന്റെ സംഭരണവില 40 രൂപയായി നിശ്ചയിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഈ ആവശ്യത്തോട് മുഖം തിരിച്ചുനില്‍ക്കുന്ന കേന്ര സര്‍ക്കാര്‍ നെല്ല് സംഭരണത്തിന് നിശ്ചയിച്ചിട്ടുള്ള തുക 23 രൂപ 69 പൈസയാണ്.
എന്നാല്‍ കേന്ദ്രം നിശ്ചയിച്ച എം.എസ്.പിക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ ആറുരൂപ 31 പൈസ പ്രോത്സാഹന വിഹിതമായി കൂടി നല്‍കുന്നത് കൊണ്ടാണ് കര്‍ഷകര്‍ക്ക് ഒരു കിലോ നെല്ലിന് 30 രൂപ സംഭരണവിലയായി ലഭിക്കുന്നത്. ഈ വിഹിതമാണ് കേന്ദ്രം ഇപ്പോള്‍ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പി. പ്രസാദ് പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന പ്രകാരം കൃഷി ഒരു സംസ്ഥാന വിഷയമാണ്. അതിനാല്‍ കാര്‍ഷിക മേഖലയെ നേരിട്ട് ബാധിക്കുന്ന ഏതൊരു അന്താരാഷ്ട്ര വ്യാപാര കരാറിനും സംസ്ഥാന സര്‍ക്കാരുകളുമായി സമഗ്രമായ കൂടിയാലോചന അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എന്നാല്‍ അത്തരം ഒരു കൂടിയാലോചന പോലും നടത്താതെയാണ് ഭരണഘടനാ ഫെഡറലിസത്തിന്റെ ആത്മാവിനെ തന്നെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. യു.എസ്-ഇന്ത്യ കരാറിനെ മുന്‍നിര്‍ത്തിയാണ് മന്ത്രിയുടെ വിമര്‍ശനം.
Content Highlight: Centre wants kerala to stop the additional incentive bonus given to paddy; P Prasad says the proposal is anti-farmer