ന്യൂദല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം മുടക്കിയുള്ള പ്രതിരോധ കരാറിന് ഒരുങ്ങി ഇന്ത്യ. ഫ്രാന്‍സില്‍ നിന്നും 114 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ കരാര്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഈ മാസം അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തുമ്പോള്‍ കരാറില്‍ ഒപ്പിടുമെന്നാണ് വിവരം.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഈ നിര്‍ദേശത്തിന് അനുമതി നല്‍കുമെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പദ്ധതിക്ക് നിലവില്‍ പ്രതിരോധ സംഭരണ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. റഷ്യയുും അമേരിക്കയും അവരുടെ അഞ്ചാംതലമുറ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇക്കാര്യം തള്ളിയാണ് ദാസ്സോ കമ്പനിയുടെ റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്.
കരാറിന്റെ ഭാഗമായി കരസേനയ്ക്കായി 88 സിംഗിള്‍ സീറ്റ് യുദ്ധവിമാനങ്ങളും 26 ഇരട്ട സീറ്റ് ട്രെയിനര്‍ യുദ്ധവിമാനങ്ങളും ഇന്ത്യ വാങ്ങും. വ്യോമസേനയ്ക്കായുള്ള റാഫേല്‍ വിമാനങ്ങള്‍ ഈ ഘട്ടത്തില്‍ വാങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരാര്‍ നടപ്പിലാകുന്നതോടെ ഇന്ത്യയുടെ ആകെ റാഫേല്‍ വിമാനങ്ങളുടെ എണ്ണം 176 ആയി ഉയരും.
അതേസമയം, വിമാനങ്ങള്‍ വാങ്ങുന്നതിനായി മാത്രമല്ല 3.25 ലക്ഷം കോടി രൂപ ചെലവിടുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
യുദ്ധ വിമാനങ്ങള്‍, സിമുലേറ്ററുകള്‍, സ്‌പെയറുകള്‍, പരിശീലനം, അറ്റകുറ്റപ്പണികള്‍ തുടങ്ങി ദീര്‍ഘകാലത്തേക്കുള്ള പാക്കേജാണ് ഇതിലുള്‍പ്പെട്ടിരിക്കുന്നത്.
തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങളുടെ സാങ്കേതിക മികവിനെ പുകഴ്ത്തുന്ന കേന്ദ്രം റാഫേല്‍ വാങ്ങുന്നത് എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം.
ഇതിന് തദ്ദേശീയ യുദ്ധവിമാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും അതുവരെ ഇടക്കാലയളവില്‍ സേനയ്ക്ക് കരുത്താകാന്‍ റഫേല്‍ കൂടിയേ തീരുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.