കൊച്ചി: കേന്ദ്ര കമ്പനി നിയമമാണോ കേരള നോണ്‍ ട്രേഡിങ് കമ്പനി നിയമമാണോ എസ്.എന്‍.ഡി.പി യോഗത്തിന് ബാധകമാവുക എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിന്റെ അധികാരപ്പെട്ട അതോറിറ്റി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി അറിയിച്ചു.
ഇത് സംബന്ധിച്ച് 2009 ഫെബ്രുവരിയില്‍ ദല്‍ഹി ഹെക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേള്‍ക്കാനും ശേഷം തീരുമാനമെടുക്കാനും തീരുമാനിച്ചു.
ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എസ്.എന്‍.ഡി.പി യോഗത്തില്‍ നിയമപ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പ്രാതിനിധ്യ അവകാശ പ്രകാരം വോട്ടിങ് അനുവദിക്കുന്ന വ്യവസ്ഥ സിംഗിള്‍ ബെഞ്ച് അസാധുവാക്കിയിരുന്നു.
എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ടെന്നും ഉത്തരവിട്ടു. കേരള നോണ്‍ ട്രേഡിങ് കമ്പനി നിയമമാണ് എസ്.എന്‍.ഡി.പി യോഗത്തിന് ബാധകമാവുകയെന്നും തീരുമാനിച്ചു. ഇതിനെതിരെയുള്ള അപ്പീലുകളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
2013ലെ കമ്പനീസ് ആക്ട് നിലവില്‍ വന്ന സാഹചര്യത്തില്‍ പ്രാതിനിധ്യ അവകാശത്തിനായി ഇളവ് നല്‍കിയുള്ള 1947 ഓഗസ്റ്റ് 20ലെ കേന്ദ്ര ഉത്തരവിന് ഇപ്പോഴും പ്രാബല്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കൃത്യമായ പരിശോധന ആവശ്യമാണെന്നും കോടതി നിര്‍ദേശിച്ചു.
Content Highlight: Centre should decide which law applies to SNDP meeting: High Court