ന്യൂദല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എം.ജി.എന്‍.ആര്‍.ഇ.ജി.എ)യുടെ പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
രാജ്യത്തിന് മാത്രമല്ല ലോകത്തിന് മുന്നില്‍ തന്നെ സമുന്നതനായ നേതാവിന്റെ പേര് നീക്കം ചെയ്തതിന് പിന്നിലെ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശമെന്താണെന്ന് പ്രിയങ്ക ചോദിച്ചു.
എം.ജി.എന്‍.ആര്‍.ഇ.ജി.എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ്. വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) അഥവാ വി.ബി-ജി ആര്‍.എ.എം.ജി ബില്‍ 2025 പാര്‍ലമെന്റില്‍ അവതരിപ്പിച്ച് മുമ്പത്തെ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
ഒരു പദ്ധതിയുടെ പേര് മാറ്റുമ്പോള്‍ ഓഫീസുകളിടക്കം നിരവധി മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിനായി എത്ര പണം ചെലവഴിക്കണം. എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം? എന്തിനാണ് ഇത് ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇപ്പോള്‍ പോലും ചര്‍ച്ച ചെയ്യുന്നത് ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ചല്ല. മറ്റ് വിഷയങ്ങളെ കുറിച്ചാണ്. സമയം പാഴാക്കുകയാണ് ഇതിലൂടെ, അവര്‍ സ്വയം തടസമുണ്ടാക്കുകയാണെന്നും പ്രിയങ്ക വിമര്‍ശിച്ചു.
2047 ലക്ഷ്യം വെച്ച് അവതരിപ്പിക്കുന്ന വികസിത് ഭാരത് എന്ന വീക്ഷണത്തിലേക്ക് രാജ്യത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് പേര് മാറ്റമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലുകളുടെ പട്ടികയില്‍ ഈ ബില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
അവിദഗ്ധ കായിക ജോലി ചെയ്യാന്‍ സന്നദ്ധരായ പ്രായപൂര്‍ത്തിയായ അംഗങ്ങളെ ഉള്‍പ്പെടുത്തി ഓരോ ഗ്രാമീണ കുടുംബത്തിനും വര്‍ഷത്തില്‍ 125 ദിവസം വേതനത്തോടെ തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയാണിത്. യു.പി.എ സര്‍ക്കാരാണ് പദ്ധതി കൊണ്ടുവന്നത്. മുമ്പ് നൂറു ദിവസമായിരുന്നു തൊഴില്‍ ദിനങ്ങള്‍.
കഴിഞ്ഞ 20 വര്‍ഷമായി ഗ്രാമങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. എങ്കിലും പദ്ധതിയില്‍ കൂടുതല്‍ ശക്തിപ്പെടുത്തല്‍ അനിവാര്യമാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
Content Highlight: Centre removes Mahatma Gandhi’s name from MGNREGA; Priyanka Gandhi questions motive